കീവ്: റഷ്യൻ വ്യോമസേനയുടെ എംഐ-8 ഹെലികോപ്റ്ററുമായെത്തി കൂറുമാറിയ പൈലറ്റിന്റെ പേരുവിവരം യുക്രെയ്ൻ വെളിപ്പെടുത്തി. മാക്സിം കുസ്മിനൊവ് (28) എന്നയാളാണ് യുക്രെയ്നോടു കൂറു പ്രഖ്യാപിച്ചത്.
കഴിഞ്ഞ മാസം നടന്ന കൂറുമാറ്റം യുക്രെയ്ൻ അറിയിച്ചിരുന്നെങ്കിലും പൈലറ്റിന്റെ പേരുവിവരം വെളിപ്പെടുത്തിയിരുന്നില്ല.
ഇന്നലെ ഒരു അഭിമുഖത്തിലൂടെയാണ് യുക്രെയ്ൻ പ്രതിരോധ ഇന്റലിജൻസ് വിഭാഗം മാക്സിം കുസ്മിനൊവിനെ പരിചയപ്പെടുത്തിയത്. ഇതര റഷ്യൻ സൈനികരോട് യുക്രെയ്നോടു ചേരാനും ഇവിടെ ജീവിതസുരക്ഷ ലഭിക്കുമെന്നും അഭിമുഖത്തിൽ പൈലറ്റ് പറയുന്നുണ്ട്.
ആറു മാസത്തെ രഹസ്യനീക്കങ്ങൾക്കൊടുവിലാണ് കഴിഞ്ഞ മാസം താൻ നിയന്ത്രിച്ചിരുന്ന ഹെലികോപ്റ്ററുമായി യുക്രെയ്നിലെ എയർബേസിലെത്തി മാക്സിം കൂറുമാറ്റം പ്രഖ്യാപിച്ചത്. ഇതിനു മുന്നോടിയായി തന്റെ കുടുംബത്തെ അതീവരഹസ്യമായി യുക്രെയ്നിലെത്തിച്ചിരുന്നു.
റഷ്യയുടെ 319-ാം ഹെലികോപ്റ്റർ റെജിമെന്റിന്റെ ക്യാപ്റ്റനായിരുന്ന മാക്സിം മറ്റു രണ്ട് വ്യോമസേനാംഗങ്ങൾക്കൊപ്പമാണ് യുക്രെയ്നിലെത്തിയത്. കാര്യമെന്തെന്ന് ഇവർക്ക് അറിയില്ലായിരുന്നു. കീഴടങ്ങാൻ വിസമ്മതിച്ച രണ്ടുപേരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നും മാക്സിം അഭിമുഖത്തിൽ പറയുന്നുണ്ട്.