കാഠ്മണ്ഡു: യുക്രെയ്നിൽ യുദ്ധം ചെയ്യാനായി നേപ്പാളി യുവാക്കളെ റഷ്യൻ സൈന്യത്തിൽ ചേർക്കുന്നു. ഇതുവരെ 200 നേപ്പാളികൾ റഷ്യൻ സൈന്യത്തിൽ ചേർന്നു. ഇതിൽ 12 പേർ കൊല്ലപ്പെട്ടു.
നേപ്പാളി യുവാക്കളെ സൈന്യത്തിൽ ചേർക്കുന്നത് ഉടൻ നിർത്തണമെന്ന് നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ മോസ്കോയോട് ആവശ്യപ്പെട്ടു.
ഇന്ത്യ, യുകെ എന്നീ രാജ്യങ്ങളുടെ സൈന്യത്തിൽ ചേരാൻ മാത്രമാണ് നേപ്പാളികൾക്ക് അനുമതിയുള്ളുവെന്ന് പ്രചണ്ഡ ചൂണ്ടിക്കാട്ടി. കംപാലയിൽ 19-ാം ‘നാം’ ഉച്ചകോടിയിൽ പങ്കെടുത്തശേഷം മടങ്ങിയെത്തിയതായിരുന്നു അദ്ദേഹം.
നേപ്പാളി യുവാക്കളെ സൈന്യത്തിലെടുക്കരുതെന്ന് നേപ്പാളീസ് വിദേശകാര്യ മന്ത്രി എൻ.പി. സൗദ് റഷ്യൻ ഉപ വിദേശകാര്യ മന്ത്രി വെർഷിനിൻ സെർഗെയ് വാസിലേവിച്ചിനോട് ആവശ്യപ്പെട്ടതായി പ്രചണ്ഡ പറഞ്ഞു.