മോസ്കോ: ലോകകപ്പിലെ സ്പാനിഷ് സ്വപ്നങ്ങൾ റഷ്യൻ ഷൂട്ടൗട്ടിൽ കരിഞ്ഞുണങ്ങി. ഗോളി അകിൻഫീവ് റഷ്യയുടെ സൂപ്പർ ഹീറോ ആയപ്പോൾ ഷൂട്ടൗട്ടിൽ 4-3ന് സ്പെയിനെ കീഴടക്കി ആതിഥേയർ ലോകകപ്പ് ഫുട്ബോൾ ക്വാർട്ടറിൽ. നിശ്ചിത സമയത്തും അധികസമയത്തും 1-1 സമനിലകുടുക്ക് പൊട്ടിക്കാൻ സാധിക്കാത്തതോടെ മത്സരം ഷൂട്ടൗട്ടിലെത്തി.
ഷൂട്ടൗട്ടിൽ സ്പെയിനിന്റെ രണ്ട് ശ്രമങ്ങൾ അകിൻഫീവ് തടഞ്ഞു. സെൽഫ് ഗോളാണ് സ്പെയിനിനെ മുന്നിലെത്തിച്ചത്. തുടർച്ചയായ 23 മത്സരങ്ങളിൽ പരാജയപ്പെട്ടില്ലെന്ന സ്പാനിഷ് റിക്കാർഡ് ഇതോടെ അവസാനിച്ചു.
പന്തടക്കത്തിൽ കാര്യമില്ലെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞ മത്സരമായിരുന്നു ഇന്നലെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ നടന്ന റഷ്യ-സ്പെയിൻ മത്സരം. 79 ശതമാനം പന്തിൽ നിയന്ത്രണം പുലർത്തിയ സ്പെയിൻ ഷൂട്ടൗട്ടിൽ 3-4ന് തോറ്റു. റഷ്യ ക്വാർട്ടർ ഫൈനലിൽ കടക്കുകയും ചെയ്തു.
സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനുശേഷം ആദ്യമായാണ് റഷ്യ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ കടക്കുന്നത്.അധിക സമയത്തും ഗോൾ പിറക്കാതിരുന്നതോടെ അനിവാര്യമായ ഷൂട്ടൗട്ടിൽ. ഷൂട്ടൗട്ടിന്റെ ഭാഗ്യം റഷ്യക്കൊപ്പമായിരുന്നു. ആദ്യ പകുതിയിൽ നല്ലൊരു മുന്നേറ്റം പോലും നടത്താനാവാതെ പോയ സ്പെയിൻ തോൽവി ചോദിച്ചുവാങ്ങിയതുപോലെയായി. രണ്ടാം പകുതിയിൽ സ്പെയിൻ ഉണർന്നെങ്കിലും ഗോൾ നേടിയാനായില്ല.
നാലാമത്തെ സബ്സ്റ്റിറ്റ്യൂഷൻ
ഈ ലോകകപ്പിലെ പുതിയ നിയമമായ നാലാമത്തെ സബ്സ്റ്റിറ്റ്യൂട്ടിനെ റഷ്യയാണ് ആദ്യം ഇറക്കിയത്. 97-ാം മിനിറ്റിൽ ഡേലർ കുസിയേവിനു പകരം അലക്സാണ്ടർ ഇറോഷിനെ ഇറക്കി. നോക്കൗട്ട് മുതൽ എക്സ്ട്രാ ടൈമിലേക്കു കടക്കുന്ന മത്സരങ്ങളിൽ ടീമിന് നാലാം സബ്സ്റ്റിറ്റ്യൂഷൻ നടത്താവുന്നതാണ്.
ഗോൾ വഴി
ഗോൾ 1. സെർജി ഇഗ്നാഷെവിച്ച് (സെൽഫ് ഗോൾ), 12-ാം മിനിറ്റ്. വലതു വിംഗിൽനിന്ന് ഇസ്കോയുടെ ഫ്രീകിക്ക് നേരെ ക്ലോസ് റേഞ്ചിൽനിന്ന സെർജിയോ റാമോസിന്. റാമോസിനെ ഇഗ്നാഷെവിച്ച് പിടിച്ചുവലിച്ച് നിലത്തിട്ടു. വീഴുന്ന വഴി പന്ത് റഷ്യൻ പ്രതിരോധതാരത്തിന്റ കാലിൽതട്ടി സ്വന്തം വലയിൽ.
ഗോൾ 2. ആർടെം ഡയുബ (പെനൽറ്റി, റഷ്യ), 41-ാം മിനിറ്റ്. ഡയുബയുടെ ഹെഡർ പെനൽറ്റി ബോക്സിൽവച്ച് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ പന്ത് ജെറാർഡ് പിക്വെയുടെ കൈയിൽ തട്ടി. വലയിലേക്കു പോകുമായിരുന്ന പന്താണ് കൈ ഉയർത്തിചാടിയ പിക്വെ തടഞ്ഞത്. ഇതിന് റഫറി പെനൽറ്റി അനുവദിച്ചു. സ്പെയിൻ കളിക്കാർ പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനത്തിൽ ഉറച്ചുനിന്നു. ടെൻഷനൊന്നുമില്ലാതെ കിക്കെടുത്ത ഡിയുബ പന്ത് വലയുടെ വലതു മൂലയിൽ നിക്ഷേപിച്ചപ്പോൾ ഡേവിഡ് ഡി ഗിയ ചാടിയത് ഇടത്തേക്കായിരുന്നു.
ഷൂട്ടൗട്ട് ചിത്രം
1. ഇനിയെസ്റ്റ (സ്പെയിൻ)- വലംകാൽ ഷോട്ട് വലയുടെ നടുവിൽ.
2. ഫെഡർ സ്മോളോവ് (റഷ്യ)- വലംകാൽ ഷോട്ട് ഇടതു മൂലയിൽ.
3. ജെറാർഡ് പിക്വെ (സ്പെയിൻ)- വലംകാൽ ഷോട്ട് ഇടതു മൂലയിൽ.
4. സെർജി ഇഗ്നാഷെവിച്ച് (റഷ്യ)- വലംകാൽ ഷോട്ട് പോസ്റ്റിന്റെ വലതുമൂലയിൽ.
5 കൊക്കെ (സ്പെയിൻ)- വലംകാൽ ഷോട്ട് റഷ്യൻ ഗോളി അകിൻഫീവ് വലത്തോട്ട് ഡൈവ് ചെയ്ത് രക്ഷിച്ചു.
6. അലക്സാണ്ടർ ഗോളോവിൻ (റഷ്യ)- വലംകാൽ ഷോട്ട് വലയുടെ നടുവിൽ.
7. സെർജിയോ റാമോസ് (സ്പെയിൻ) വലംകാൽ ഷോട്ട് വലയുടെ ഇടതു മൂലയിൽ.
8. ഡെനിസ് ചെറിഷേവ് (റഷ്യ)- ഇടംകാൽ ഷോട്ട് വലയുടെ നടുവിൽ.
9. ഇയാഗോ അസ്പാസ (സ്പെയിൻ)- ഇടംകാൽ ഷോട്ട് വലത്തേക്ക് ചാടിയ ഗോളിയുടെ കാലിൽതട്ടി പുറത്തേക്ക്.
കളിയിലെ കണക്ക്
സ്പെയിൻ റഷ്യ
79% പന്തടക്കം 21%
9 ഗോൾ ഷോട്ട് 1
6 കോർണർ 5
5 ഫൗൾ 19
1 മഞ്ഞക്കാർഡ് 2
1 ഓഫ് സൈഡ് 1