മോർഡോവിയ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി നഷ്ടം പോർച്ചുഗലിനെ തളർത്തിയില്ല. ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടാനുള്ള സുവര്‍ണാവസരം പാഴാക്കിയ ഇറാനെ മറികടന്ന് പോർച്ചുഗൽ റഷ്യൻ ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഇരുടീമും ഒരോ ഗോൾ വീതം അടിച്ച് സമനില പാലിച്ചു. ഇതോടെ ഗ്രൂപ്പ് ബിയിൽ അഞ്ച് പോയിന്റുമായി പോർച്ചുഗൽ നോക്കൗട്ടിലേക്ക് മുന്നേറി. നാലു പോയിന്റുള്ള ഇറാൻ പുറത്തേക്കും. ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള സ്പെയിനാണ് ഗ്രൂപ്പില്‍ ഒന്നാമത്.
മരണപോരാട്ടത്തിനിറങ്ങിയ പോർച്ചുഗൽ തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്. പോർച്ചുഗൽ മുന്നേറ്റം ഇറാന്റെ പ്രതിരോധത്തിൽ തട്ടിനിന്നതോടെ ഗോൾ അകന്നുനിന്നു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് പോർച്ചുഗൽ ലീഡെടുത്തു. 45-ാം മിനിറ്റിൽ റിക്കാർഡോ ക്വറസ്മയാണ് ഇറാന്റെ വല കുലുക്കിയത്. ആന്ദ്രെ സില്‍വ നല്കിയ ബാക്ക് പാസ് മനോഹരമായ നീക്കത്തിലൂടെ ക്വാറെസ്മ പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് ഉയര്‍ത്തിയിടുകയായിരുന്നു.
രണ്ടാം പകുതിയിൽ ഇരുടീമും ആക്രമണം ശക്തമാക്കി. ഇതിനിടെ റൊണാള്‍ഡോയെ എസാറ്റോലാഹി ഫൗള്‍ ചെയ്തതിന് പോര്‍ച്ചുഗൽ പെനാല്‍റ്റി നേടി. എന്നാൽ കിക്കെടുത്ത റൊണാള്‍ഡോയുടെ പെനാല്‍റ്റി ബെയ്റാന്‍വാന്‍ഡ് തടുത്തിട്ടു. കാര്‍വാലോയെ ഫൗള്‍ ചെയ്തതിന് പോര്‍ച്ചുഗലിന് അനുകൂലമായ ഫ്രീകിക്ക് ലഭിച്ചെങ്കിലും ഇറാൻ പ്രതിരോധക്കൊട്ടയിൽ തട്ടിതെറിച്ചു.
മത്സരം ഇഞ്ചുറി ടൈമിലേക്ക് നീങ്ങിയതോടെ ജയപ്രതീക്ഷയുമായി കളിച്ച പോർച്ചുഗൽ വലിഞ്ഞു. എന്നാൽ പോർച്ചുഗലിനെ ഞെട്ടിച്ച് ഇറാൻ പെനാൽറ്റി നേടി. വാറിലൂടെ ലഭിച്ച പെനാൽറ്റി കൃത്യമായി പോസ്റ്റിലെത്തിച്ച് കരീം അൻസാരി ഫർദ് ഇറാന് സമനില നേടിക്കൊടുത്തു. തൊട്ടടുത്ത നിമിഷത്തിൽ ഗോൾ നേടാനുള്ള അവസരം ഇറാൻ താരം തരേമി പാഴാക്കി. അല്പ നിമിഷത്തിനകം ഫൈനൽ വിസിൽ മുഴങ്ങിയതോടെ പോർച്ചുഗൽ പ്രീക്വാർട്ടറിലേക്കും ഇറാൻ പുറത്തേക്കും പോയി.