കീവ്: റഷ്യയുമായുള്ള യുദ്ധത്തിൽ രണ്ടുവർഷത്തിനിടെ യുക്രെയ്ന് 31,000 സൈനികരെ നഷ്ടമായെന്നു പ്രസിഡന്റ് വൊളൊദിമിർ സെലൻസ്കി.
റഷ്യൻ സൈനിക പദ്ധതിയെ സഹായിക്കുമെന്നതിനാൽ യുദ്ധത്തിൽ പരിക്കേറ്റ സൈനികരുടെ എണ്ണം വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം മൂന്നാം വർഷത്തിലേക്കു കടക്കുന്ന സാഹചര്യത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, പാശ്ചാത്യരാജ്യങ്ങളിൽനിന്നു യുക്രെയ്നു വാഗ്ദാനം ചെയ്ത സഹായങ്ങളിൽ പകുതിയും വൈകുകയാണെന്നും ഇത് ജീവനും ഭൂപ്രകൃതിയും നഷ്ടപ്പെടാനിടയാക്കുന്നതായും പ്രതിരോധമന്ത്രി റസ്താം ഉമെറോവ് പറഞ്ഞു. യുദ്ധത്തിൽ റഷ്യയ്ക്ക് 40,000ത്തിനും 50,000ത്തിനുമിടയിൽ സൈനികരെ നഷ്ടമായെന്നാണു പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.