കീവ്: യുക്രെയ്നിൽ വീണ്ടും റഷ്യൻ ഡ്രോൺ ആക്രമണം. കഴിഞ്ഞദിവസം യുക്രെയ്ൻ സേന നടത്തിയ ഡ്രോൺ ആക്രമണത്തിനു മറുപടിയാണിതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഖാർക്കീവ്, ഖേർസൺ, സാപ്പോറിഷ്യ, മൈക്കോളേവ് നഗരങ്ങളെ കേന്ദ്രീകരിച്ചാണ് റഷ്യ ഇന്നലെ ആക്രമണം നടത്തിയത്. ഖാർക്കീവിൽ 28 പേർക്കു പരിക്കേറ്റു.
പാർപ്പിടസമുച്ചയങ്ങൾ, വീടുകൾ, ഹോട്ടൽ, നഴ്സറി മുതലായവ നശിച്ചു. റഷ്യ തൊടുത്ത 49 ഡ്രോണുകളിൽ 21ഉം വെടിവച്ചിട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടു.
വെള്ളിയാഴ്ച റഷ്യൻ സേന യുക്രെയ്നിലുടനീളം നടത്തിയ വൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ 45 പേർ കൊല്ലപ്പെടുകയും 160 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഇതിനു മറുപടിയായി ശനിയാഴ്ച യുക്രെയ്ൻ സേന റഷ്യയിൽ നടത്തിയ ആക്രമണങ്ങളിൽ നാലു കുട്ടികൾ അടക്കം 24 പേർ കൊല്ലപ്പെട്ടതിനു പുറമേ നൂറോളം പേർക്കു പരിക്കേൽക്കുകയും ചെയ്തു.
യുക്രെയ്ൻ സേന റഷ്യയിൽ നടത്തിയ ഏറ്റവും മാരക ആക്രമണങ്ങളിലൊന്നാണിത്. അതിർത്തിയോടു ചേർന്ന റഷ്യൻ പ്രദേശമായ ബെൽഗരോദിലാണ് ഭൂരിഭാഗം മരണങ്ങളും നാശനഷ്ടവും ഉണ്ടായത്.