യുക്രൈനിലെ സംപോറിഷ്യ ആണവ നിലയത്തിന് നേര്‍ക്കുള്ള റഷ്യന്‍ ആക്രമണം തുടരുമ്പോള്‍ ലോകം അതീവ ആശങ്കയിലാണ്.
യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സംപോറിഷ്യയ്ക്കു നേരെ റഷ്യന്‍ സൈന്യത്തിന്റെ വെടിവെപ്പ് തുടരുന്നതിനാല്‍ അഗ്നിശമന സേനയ്ക്ക് ഇവിടെ പടര്‍ന്ന തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ല.
ചെര്‍ണോബിലിനേക്കാള്‍ പത്തിരട്ടി വലിയ ഭീഷണിയാണെന്നും റഷ്യ എത്രയും പെട്ടെന്ന് ആക്രമണം അവസാനിപ്പിക്കണമെന്നും യുക്രെയ്ന് ആവശ്യപ്പെട്ടു.
ആണവനിലത്തിലെ തീപിടിത്തത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന് യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയുമായി സംസാരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
യുക്രെയിന്റെ ആവശ്യത്തിനുള്ള 25 ശതമാനം വൈദ്യുതിയും ഉല്പാദിപ്പിക്കുന്നത് ഈ ആണവ നിലയത്തില്‍ നിന്നാണ്. ഇതാണ് ആശങ്കയാകുന്നത്.
മറ്റൊരു ആണവ ദുരന്തത്തിനുള്ള സാധ്യതയാണ് ലോകം മുന്നില്‍ കാണുന്നത്. കീവിലേക്ക് കടന്നു കയറാനുള്ള റഷ്യന്‍ ശ്രമം എങ്ങുമെത്തുന്നില്ല. ഇതാണ് ആണവ കേന്ദ്രത്തെ ആക്രമിക്കാനുള്ള കാരണം.
റഷ്യന്‍ സേന എല്ലാ ഭാഗത്ത് നിന്നും വെടിയുതിര്‍ക്കുകയാണെന്ന് യുക്രൈന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. ‘ആണവനിലയം പൊട്ടിത്തെറിച്ചാല്‍, ചെര്‍ണോബിലിനേക്കാള്‍ പത്ത് മടങ്ങ് വലുതായിരിക്കും’ യുക്രൈന് വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തു.
36 വര്‍ഷം മുമ്പുണ്ടായ ചെര്‍ണോബില്‍ ആണവ ദുരന്തത്തെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. റഷ്യ അടിയന്തരമായി വെടിവെപ്പ് നിര്‍ത്തിവെക്കണം. അഗ്നിശമനസേനയെ തീ അണയ്ക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അന്താരാഷ്ട്ര ആണവ ഏജന്‍സിയും യുഎസ് സുരക്ഷാവൃത്തങ്ങളും സംപോറിഷ്യ ആണവ പ്ലാന്റ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
അതിനിടെ യുക്രെയ്നിലെ ആണവനിലയത്തിലെ നിലവിലെ സ്ഥിതി ‘സുരക്ഷിതം’ എന്ന് പ്രാദേശിക അധികാരികള്‍ വ്യക്തമാക്കി.
പ്രാദേശിക സേനയും റഷ്യന്‍ സൈനികരും തമ്മില്‍ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നതെന്ന് എനര്ഗൊദാറിന്റെ മേയര്‍ ദിമിട്രോ ഒര്‍ലോവ് സമുഹമാധ്യമത്തിലൂടെ പറഞ്ഞു.
പ്ലാന്റ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ റഷ്യന്‍ സൈന്യം ശക്തമാക്കുകയാണെന്നും ടാങ്കുകളുമായി നഗരത്തില്‍ പ്രവേശിച്ചതായും യുക്രെയ്ന് അധികൃതര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.