മോസ്കോ: വിമാനം എയർപോർട്ടിൽ ഇറങ്ങുന്നതിനു പകരം പുഴയിൽ ലാൻഡ് ചെയ്താൽ എന്തു സംഭവിക്കും? “കൂടുതലൊന്നും സംഭവിക്കില്ല, വിമാനത്തിന്റെയും യാത്രക്കാരുടെയും കാര്യം കട്ടപ്പുക!’ എന്നാൽ റഷ്യയിൽ 30 യാത്രക്കാരുമായി പറന്ന വിമാനം റണ്‍വേ ആണെന്നു തെറ്റിദ്ധരിച്ച് ഒരു പുഴയുടെ മധ്യത്തിലാണ് ലാൻഡ് ചെയ്തത്. എന്നിട്ടും വിമാനത്തിനും യാത്രക്കാർക്കും ഒന്നും സംഭവിച്ചില്ല.
റഷ്യയുടെ വിദൂര കിഴക്കൻമേഖലയിലെ സിരിയങ്ക വിമാനത്താവളത്തിനു സമീപം കഴിഞ്ഞ ഡിസംബര്‍ 28 നാണു അസാധാരണമായ സംഭവം നടന്നത്. സാഖ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ യാക്കുറ്റ്സ്കിൽനിന്നു 30 യാത്രക്കാരുമായി പറന്നുയർന്ന വൈഎപി 217 വിമാനം അപ്രതീക്ഷിതമായി കോളിമ നദിയിൽ ലാൻഡിംഗ് നടത്തുകയായിരുന്നു. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടതോടെയാണു സംഭവം ലോകമറിഞ്ഞത്.
കോളിമ നദി തീരത്തുതന്നെയാണു സിരിയങ്ക വിമാനത്താവളം. നദി തീരത്തിനു സമാന്തരമായാണു വിമാനത്താവളത്തിന്റെ റണ്‍വേ. അതിശക്തമായ മഞ്ഞ് വീഴ്ചയില്‍ നദി തണുത്തുറഞ്ഞിരുന്നു. കരയിലും മഞ്ഞുവീഴ്ച ശക്തമായിരുന്നു. വിമാനം പ്രദേശത്ത് എത്തുമ്പോള്‍ കരയും നദിയും തിരിച്ചറിയാന്‍ പറ്റാത്ത വിധം മഞ്ഞു മൂടിയിരുന്നു.
പ്രാദേശിക വിമാനത്താവളമായതിനാല്‍ റണ്‍വേ അടയാളപ്പെടുത്തുന്ന വൈദ്യുതി ബള്‍ബുകള്‍ ഉണ്ടായിരുന്നില്ല. മഞ്ഞിൽ പുതഞ്ഞു ഫുട്ബോള്‍ ഗ്രൗണ്ടുപോലെ കിടക്കുകയായിരുന്ന കോളിമ നദിയുടെ ഏതാണ്ട് ഒത്തനടുവിലാണു പൈലറ്റ് വിമാനം ലാൻഡ് ചെയ്തതെന്നു ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു.