മോസ്കോ: മരണത്തെ മുഖാമുഖം കാണുകയെന്നു പറഞ്ഞാല്‍ ഇതാണ്. മധ്യ റഷ്യയിലെ 13 വയസുകാരിയുടെ രക്ഷപ്പെടലാണു സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സംഭവമിങ്ങനെ… കൂട്ടുകാരികള്‍ക്കൊപ്പം നീന്തല്‍ക്കുളത്തില്‍ പോയശേഷം തിരിച്ചുവരുമ്പോഴായിരുന്നു പെണ്‍കുട്ടിക്ക് സെല്‍ഫി എടുക്കാന്‍ തോന്നിയത്. കൂട്ടുകാരിയുമായി ചാറ്റ് ചെയ്യുന്നതിനിടെയാണ് ആ ”ദുര്‍ബുദ്ധി” മനസിലെത്തിയത്.
ഉടനെ ഒരുവിധത്തില്‍ റെയില്‍പാലത്തിന്റെ മുകളില്‍ കയറി. ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് അവള് ട്രെയിനുകള്‍ക്കായി വൈദ്യുതി എത്തിക്കുന്ന 3000 വോള്‍ട്ട് ശേഷിയുള്ള ലൈനില്‍ വീണു.
ഫോണിലുടെ ആര്‍ത്തനാദം കേട്ടെങ്കിലും കുട്ടുകാരിക്ക് ഒന്നും പിടികിട്ടിയില്ല. ഒരുമണിക്കൂര്‍ കഴിഞ്ഞെത്തിയ ഗുഡ്സ് ട്രെയിനിന്റെ എന്ജിന് ഡ്രൈവറാണ് ആദ്യം അവളെ ശ്രദ്ധിച്ചത്. പരിശോധനയ്ക്കായി അദ്ദേഹം ട്രെയിന്‍ നിര്‍ത്തി. ഒറ്റനോട്ടത്തില്‍ പഴന്തുണിയാണെന്നു വിചാരിച്ചു. അടുത്തെത്തിയപ്പോഴാണു ഞെട്ടിയത്!
കുരുങ്ങിക്കിടക്കുന്നതു മനുഷ്യജീവി. ജീവനുണ്ടാകുമെന്നു തെല്ലും കരുതിയില്ല. പെട്ടെന്നു മനസാന്നിധ്യം വീണ്ടെടുത്തു. പിന്നെ ഒട്ടും വൈകാതെ വൈദ്യുതി വിച്ഛേദിക്കാന്‍ കണ്ട്രോള് റൂമിലേക്കു റേഡിയോസന്ദേശം അയച്ചു. ജീവനു വേണ്ടി പിടയ്ക്കുന്നതിനിടെ കാല് മറ്റൊരു കമ്പിയില്‍ തട്ടിയിരുന്നെങ്കില്‍ അവള് ചാരമായേനെ.
കേബിളില്‍നിന്നു താഴെ വീണിരുന്നെങ്കിലും ജീവന് നഷ്ടമാകുകയായിരുന്നു. എന്ജിന് ഡ്രൈവറുടെ ശബ്ദം കേട്ടപ്പോള്‍ അവള് ആത്മവിശ്വാസം വീണ്ടെടുത്തു. ഇതിനിടെ, പെണ്‍കുട്ടിയുടെ പേരും മേല്‍വിലാസവും ചോദിച്ചുമനസിലാക്കി. അതിലേ കടന്നുപോയ ഒരാള്‍ ചണവള്ളി കുട്ടിയുടെ െകെയിലേക്ക് ഇട്ടുകൊടുത്തു.
ഇതിനുശേഷം പറ്റാവുന്ന ഉയരത്തില്‍ കയറി പിന്നില്‍നിന്നു പിടിച്ചു. പതിമൂന്നടിയോളം താഴെയുള്ള ട്രാക്കിലേക്കു കുട്ടി വിഴാതിരിക്കാന്‍ പരവതാനിയുമായി ഗ്രാമീണര്‍ പ്രാര്‍ഥനയോടെ നിലകൊണ്ടു.
തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശരീരത്തില്‍ പലയിടത്തും പൊളളലേറ്റ വ്രണമുണ്ടെങ്കിലും കണ്ണുതുറന്ന കുട്ടിക്ക് സംഭവിച്ചത് എന്താണെന്ന് ഓര്‍ത്തെടുക്കാനാകുന്നില്ല. എന്തായാലും സാമുഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം ഈ രക്ഷപ്പെടലാണ്.