നേമം: മലയാളിയായ റിനോ ബാബുവിന് റഷ്യക്കാരി മറിയ ക്രിസ്റ്റിയാക്കോ ഇനി സ്വന്തം. മൂന്ന് വർഷങ്ങൾക്ക് മുന്പാണ് ഇരുവരും പ്രണയത്തിലായത്. നേമം പ്രാവച്ചന്പലം അരിക്കടമുക്കിലുള്ള ദേവാദിദേവ ത്രിലോകാനന്ദ ക്ഷേത്രത്തിൽ ഇരുവരും ഇന്നലെ വിവാഹിതരായി. പ്രാവച്ചന്പലം ബാബുഭവനിൽ ബാബുവിന്റെയും കോമളകുമാരിയുടെയും മകനാണ് റിനോ ബാബു. ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങുകളിൽ റിനോയുടെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. മുല്ലപ്പൂ ചൂടി പട്ടുസാരി അണിഞ്ഞാണ് മറിയ ക്ഷേത്രത്തിലെത്തിയത് . രാവിലെ 8.15 നും 8.45 നുമിടയിലുള്ള മുഹൂർത്തത്തിൽ താലികെട്ടിയ ശേഷം ഇരുവരും തുളസിമാല പരസ്പരം കഴുത്തിലണിഞ്ഞു.
ലിമാസോൾ സൈപ്രസിലെ ഒരു കോളിജൽ എംബിഎ പഠനത്തിനായി എത്തിയപ്പോഴാണ് റഷ്യക്കാരിയായ മറിയ ക്രിസ്റ്റിയാക്കോയുമായി അടുപ്പത്തിലായത്. മറിയ ബിബിഎ പഠിക്കാനെത്തിയതായിരുന്നു. അല്കസാണ്ടറും സ്വറ്റ്ലാനയുമാണ് മറിയയുടെ മാതാപിതാക്കൾ. ഹൈന്ദവ മാതാചാരപ്രകാരം താലിക്കെട്ടിയാണ് ഇരുവരും വിവാഹിതരായത്. സാരിയുടുത്ത് കേരളത്തിൽ വച്ച് വിവാഹിതയാകണമെന്ന് മറിയ ആഗ്രഹിച്ചിരുന്നതായി റിനോ പറഞ്ഞു. വിവാഹത്തിൽ പങ്കെടുക്കാൻ മറിയയുടെ അമ്മയും ബന്ധുവും മാത്രമാണ് എത്തിയത്. അവർ ഉടനെ മടങ്ങും. മറിയയും റിനോയും ഇനി കുറച്ചുനാൾ നാട്ടിൽ തന്നെയുണ്ടാകും.