ഇക്കാലത്ത് പലരും കുഞ്ഞുങ്ങളുടെ എണ്ണം കുറയ്ക്കുമ്പോള്‍ കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാവുന്നത് ചിലര്‍ക്ക് ഒരു ഹരമാണ്.
റഷ്യന്‍ സ്വദേശിയായ കോടീശ്വരി ക്രിസ്റ്റീന ഓസ്ടുര്‍ക്ക് നിലവില്‍ 11 കുഞ്ഞുങ്ങളുടെ അമ്മയാണ്. സ്വന്തമായി നൂറുകുട്ടികളുണ്ടാവുകയാണ് തന്റെ ലക്ഷ്യമെന്നാണ് ക്രിസ്റ്റീന പറയുന്നത്.
അതുവരെ കുഞ്ഞുങ്ങളുണ്ടാവുന്നത് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഈ ഇരുപത്തിമൂന്നുകാരി പറയുന്നത്. ഭര്‍ത്താവ് ഗലിപ് ഓസ്ടുര്‍ക്കിനൊപ്പം ജോര്‍ജിയയിലാണ് ക്രിസ്റ്റീന താമസിക്കുന്നത്.
പതിനൊന്ന് കുഞ്ഞുങ്ങളില്‍ ഒരാളെ മാത്രമാണ് ക്രിസ്റ്റീന ഗര്‍ഭം ധരിച്ചത്. മറ്റ് പത്ത് പേരും വാടക ഗര്‍ഭധാരണത്തിലൂടെയുള്ളവരാണ്. ഓരോ വാടക ഗര്‍ഭധാരണത്തിനും 8000 യൂറോയാണ് ക്രിസ്റ്റീന ചെലവിട്ടിരിക്കുന്നത്.
ജോര്‍ജിയയില്‍ ഭിന്നലിംഗത്തിലുള്ളവര്‍ക്ക് വാടക ഗര്‍ഭധാരണം നിയമാനുസൃതമായത് 1997ലാണ്. കഴിഞ്ഞ മാസം അവസാനം ജനിച്ച ഒലിവിയയാണ് നിലവില്‍ ക്രിസ്റ്റീനയുടെ ഏറ്റവും ഇളയ മകള്‍.
ആറ് വര്‍ഷം മുന്‍പാണ് ക്രിസ്റ്റീനയുടെ ആദ്യത്തെ മകള്‍ ജനിക്കുന്നത്. തുടക്കത്തില്‍ എത്ര മക്കളോടെ നിര്‍ത്തണമെന്ന് തനിക്ക് ധാരണയില്ലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ നൂറ് മക്കളെങ്കിലും വേണമെന്നാണ് തന്റെ ആഗ്രഹമെന്നും ക്രിസ്റ്റീന പറയുന്നു.