യുക്രൈന് അധിനിവേശത്തിനിടെ റഷ്യന് സൈനികര് ചെയ്ത കിരാത പ്രവൃത്തികള് ഓരോന്നായി വെളിയില് വരികയാണ്.
ഖേര്സണ് മേഖലയിലെ ഗര്ഭിണിയായ പതിനാറുവയസ്സുകാരിയെ റഷ്യന് സൈനികന് ബലാത്സംഗത്തിനിരയാക്കിയെന്ന വാര്ത്ത ലോകമനസാക്ഷിയെത്തന്നെ ഞെട്ടിക്കുന്നതാണ്.
അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെയാണ് വാര്ത്ത പുറംലോകമറിഞ്ഞത്. പതിനാറ് വയസ്സുകാരി ആറ് മാസം ഗര്ഭിണിയായിരുന്നു.
റഷ്യന് സൈനികന് തന്നെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയെന്ന് പെണ്കുട്ടി പറയുന്നു. എതിര്ക്കാന് ശ്രമിച്ചാല് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്കുട്ടി പറഞ്ഞതായി സി.എന്.എന് റിപ്പോര്ട്ട് ചെയ്തു.
ബോംബ് ആക്രമണത്തെ തുടര്ന്ന് ദിവസങ്ങളായി വീടിന്റെ അടിയിലെ ബങ്കറില് കഴിയുകയായിരുന്നു ഇവര്. ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് സൈനികന് മദ്യപിച്ചെത്തിയത്.
‘കുട്ടികള്ക്ക് എത്ര പ്രായമുണ്ടെന്ന് അയാള് അമ്മയോട് ചോദിച്ചു. 12-ഉം 14-ഉം വയസ്സുള്ള സഹോദരിമാരും ഞാനുമായിരുന്നു ഉണ്ടായിരുന്നത്. എന്നോട് അടുത്തേക്ക് ചെല്ലാനും വസ്ത്രം അഴിച്ചുമാറ്റാനും അയാള് പറഞ്ഞു. പറ്റില്ലെന്ന് മറുപടി പറഞ്ഞപ്പോള് വഴങ്ങുന്നതാണ് നല്ലതെന്നും അല്ലാത്തപക്ഷം 20 പേരെ കൂടി കൊണ്ടുവരുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. കുതറിമാറാന് ശ്രമിച്ചപ്പോള് കഴുത്തുഞെരിച്ചു’, പെണ്കുട്ടി താന് നേരിട്ട അതിക്രമം വെളിപ്പെടുത്തി.
‘നീലക്കണ്ണുകളാണ് അയാള്ക്ക് ഉണ്ടായിരുന്നത്. അയാളെ കുറിച്ച് മറ്റൊന്നും ഓര്മയില്ല. അയാള്ക്ക് ക്രിമിനല് പശ്ചാത്തലം ഉള്ളതായി കൂടെയുള്ളവര് പറഞ്ഞത് കേട്ടു. പിന്നീട് മദ്യപിക്കാത്ത മറ്റൊരു സൈനികന് എത്തി ഇയാളെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും നടന്നില്ല. ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയതുകൊണ്ടാണ് ആ സൈനികന് ഞങ്ങളെ കണ്ടത്. ഇല്ലായിരുന്നെങ്കില് അയാളെന്നെ തൊടില്ലായിരുന്നു’, പെണ്കുട്ടി പറഞ്ഞു.
ഇത്തരമൊരു അതിക്രമം നടന്നതായി യുക്രൈന് പ്രോസിക്യൂട്ടര് സി.എന്.എന് ചാനലിനോട് സ്ഥിരീകരിച്ചിട്ടുണ്ട്.യുദ്ധകുറ്റകൃത്യം എന്നാണ് ഇതിനെ അവര് വിളിക്കുന്നത്.
പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ ബലാത്സംഗം ചെയ്തതുള്പ്പെടെ സിവിലിയന്മാര്ക്കെതിരായ യുദ്ധക്കുറ്റങ്ങള് ഈ മേഖലയില് നടന്നുവെന്ന് പ്രോസിക്യൂട്ടര് പ്രസ്താവനയില് പറഞ്ഞു.