നിയാമി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിലെ യുഎസ് സൈനികതാവളത്തിൽ റഷ്യൻ സേനയും. യുഎസ് സേന രാജ്യം വിടണമെന്ന് നൈജറിലെ പട്ടാള ഭരണകൂടം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് റഷ്യൻ സൈനികർ തലസ്ഥാനമായ നിയാമിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തോടു ചേർന്ന ‘എയർബേസ് 101’ താവളത്തിൽ വിന്യസിക്കപ്പെട്ടത്.
റഷ്യൻ സൈനികർ അമേരിക്കൻ സേനയ്ക്കു ഭീഷണി ഉയർത്തുന്നില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു. റഷ്യക്കാർ വേറെ കോന്പൗണ്ടിലാണെന്നും യുഎസ് സൈനികരുമായി ബന്ധപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യ-യുഎസ് സൈനികർ തമ്മിൽ സംഘർഷത്തിനു സാധ്യതയില്ലെന്നാണ് നിരീക്ഷകരും അഭിപ്രായപ്പെട്ടത്.
ഇസ്ലാമിക തീവ്രവാദികളെ നേരിടുന്നതിനാണ് യുഎസ് സേന നൈജറിൽ നിലയുറപ്പിച്ചിരിക്കുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയിലെ തീവ്രവാദ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന യുഎസിന്റെ മുഖ്യ കേന്ദ്രം ഇവിടെയാണ്.
കഴിഞ്ഞവർഷം നൈജർ പട്ടാളം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തശേഷമാണ് യുഎസുമായുള്ള ബന്ധം വഷളായത്. യുഎസ് സേന നൈജർ വിടണമെന്ന് മാർച്ചിൽ പട്ടാള ഭരണകൂടം ആവശ്യപ്പെട്ടു.
എയർബേസ് 101ൽ എത്ര യുഎസ് സൈനികരുണ്ടെന്നതിൽ വ്യക്തതയില്ല. അറുപതോളം റഷ്യൻ സൈനിക പരിശീലകരെ ഇവിടെ വിന്യസിക്കുമെന്ന് നൈജർ ഭരണകൂടം നേരത്തേ അറിയിച്ചിരുന്നു.
പടിഞ്ഞാറൻ ആഫ്രിക്കയിലെ മാലി, ബുർക്കിന ഫാസോ, ചാഡ് രാജ്യങ്ങളും പട്ടാള ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായതിനു പിന്നാലെ യുഎസുമായും മുൻ കൊളോണിയൽ അധികാരികളായ ഫ്രാൻസുമായും ബന്ധം വിച്ഛേദിച്ചുവരികയാണ്. പാശ്ചാത്യ സേനകൾക്കു പകരം റഷ്യൻ സേനയ്ക്കാണ് ഇവർ മുൻഗണന നല്കുന്നത്.