റഷ്യ-യുക്രൈന് യുദ്ധം 400 ദിവസം പിന്നിട്ടിരിക്കുന്ന സാഹചര്യത്തില് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വെളിപ്പെടുത്തലുമായി റഷ്യന് മിലിട്ടറി ഡോക്ടര്.
ഉയര്ന്ന സൈനിക ഉദ്യോഗസ്ഥര് വനിത മെഡിക്കല് ജീവനക്കാരെ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുന്നുവെന്നാണ് വനിതാ ഡോക്ടറിന്റെ വെളിപ്പെടുത്തല്.
റേഡിയോ ഫ്രീ യൂറോപ്പ്/റേഡിയോ ലിബര്ട്ടി പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലാണ് ഡോക്ടര് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഫീല്ഡ് വൈഫ്’ ആകാന് സമ്മതിച്ചവരെ ഓഫീസര്മാര്ക്ക് വേണ്ടി പാചകം ചെയ്യാനും വൃത്തിയാക്കാനും ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്താനും ഉപയോഗിച്ചിരുന്നുവെന്ന് അവര് വ്യക്തമാക്കി.
ലൈംഗിക അടിമകളാകാന് വിസമ്മതിക്കുന്നവര്ക്ക് കടുത്ത ശിക്ഷയും മര്ദനവുമാണ് നേരിടേണ്ടി വരികയെന്നും അവര് വ്യക്തമാക്കി.
തന്റെ സൈനിക യൂണിറ്റിന്റെ ചുമതലയുള്ള ഒരു കേണല്, നിസ്നി നോവ്ഗൊറോഡ് പരിശീലന ക്യാമ്പില് ആയിരിക്കുമ്പോള് തന്നെ അയാളുടെ ഫീല്ഡ് വൈഫ്’ ആക്കാന് ശ്രമിച്ചതായും ഡോക്ടര് തുറന്നുപറഞ്ഞു.
ഇത് വിസമ്മതിച്ചതിനെ തുടര്ന്ന് അവര് തന്നെ ഉപദ്രവിച്ചുവെന്ന് ഡോക്ടര് പറഞ്ഞു. മറ്റുള്ളവര് ടെന്റുകളിലും വീടുകളിലും കിടന്നുറങ്ങുമ്പോള് ഒരു മാസത്തോളം അവര് തന്നെ പുറത്ത് കിടത്തിയെന്നും വനിതാ ഡോക്ടര് വെളിപ്പെടുത്തി.
അവരുടെ സൈനിക യൂണിറ്റില് ഉണ്ടായിരുന്ന മറ്റ് ഏഴ് സ്ത്രീകളെയും കമാന്ഡിംഗ് ഓഫീസര്മാര് ലൈംഗികമായി ഉപദ്രവിച്ചിരുന്നതായും ഡോക്ടര് പറഞ്ഞു.
ഫീല്ഡ് വൈഫ് ആക്കപ്പെട്ട ഒരു സ്ത്രീയെ ഉദ്യോഗസ്ഥന് വെടിവെച്ചുവെന്ന് ഇതേതുടര്ന്ന് അവര് വികലാംഗയായതായും ഡോക്ടര് വെളിപ്പെടുത്തി.
2022 ഫെബ്രുവരി 24-നാണ് റഷ്യന് സൈന്യം യുക്രൈനില് കടന്നുകയറിയത്. യുദ്ധം ഇതിനോടകം 400 ദിവസം പിന്നിട്ടു കഴിഞ്ഞു.