ചെന്നൈ: ഇന്ത്യയിലെത്തി എടിഎം കാർഡ് ബ്ലോക്കായതിനെത്തുടർന്ന് കുടുങ്ങിപ്പോയ റഷ്യൻ യുവാവ് ഇതുവരെ ചെന്നൈയിലെ എംബസിയിലെത്തിയില്ലെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ റഷ്യയിൽനിന്ന് എത്തിയതാണ്. ഇവാഞ്ചെലിൻ എന്ന യുവാവ്. തമിഴ്നാട്ടിലെത്തിയപ്പോൾ ഇവാഞ്ചെലിന്റെ എടിഎം കാർഡ് ബ്ലോക്കായി. എടിഎം കാർഡിന്റെ പിൻ ബ്ലോക്കായതോടെ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാൻ കഴിയാതെവന്ന ഈ യുവാവ് വേറെ നിവൃത്തിയില്ലാതെ ഒരു അന്പലത്തിന്റെ മുന്പിലിരുന്ന് ഭിക്ഷ യാചിക്കാൻ തുടങ്ങി.
കാഞ്ചീപുരത്തുള്ള കുമരകോട്ടം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കവാടത്തിലിരുന്നായിരുന്നു അദ്ദേഹത്തിന്റെ ഭിക്ഷാടനം. പുറത്തൊരു ബാഗും തൂക്കി കൈയിൽ തൊപ്പിയുമായി പണം യാചിക്കുന്ന ഈ വിദേശ ഭിക്ഷക്കാരനെപ്പറ്റി ഇവിടെയെത്തിയ ഭക്തർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി വിവരങ്ങൾ തിരക്കിയ ശേഷം ഇവാഞ്ചെലിന് ചെന്നൈവരെ പോകാനുള്ള പണം നൽകി. ഇവിടെയുള്ള റഷ്യൻ എംബസിയുമായി ബന്ധപ്പെടാനാണ് ഇവാഞ്ചെലിന് നല്കിയ നിർദേശം.
എന്നാൽ ഇന്നലെ എത്തേണ്ട യുവാവ് ഇതുവരെ എംബസിയിലെത്തിയില്ല. പത്രങ്ങളിൽക്കൂടി കണ്ട വിവരം മാത്രമേ യുവാവിനെക്കുറിച്ചുള്ളുവെന്ന് എംബസി ഉദ്യോഗസ്ഥർ പറഞ്ഞു. യുവാവിന് സഹായഹസ്തവുമായി കേന്ദ്രമന്ത്രി സുഷമ സ്വരാജും രംഗത്തെത്തിയിരുന്നു. എന്നാൽ ഇതുവരെ യുവാവ് എംബസിയിൽ എത്താത്തതിന്റെ കാരണമെന്താണെന്ന് അറിവായിട്ടില്ല.