മോസ്കോ: അയൽരാജ്യമായ യുക്രെയ്നിനെ ആക്രമിക്കുന്നതിനെതിരേ റഷ്യയിൽ പ്രതിഷേധം ശക്തമാകുന്നു. യുദ്ധവിരുദ്ധ പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിലിറങ്ങുന്നത് പതിവായി.
ഇന്നലെ മാത്രം 37 റഷ്യൻ നഗരങ്ങളിൽ നിന്നായി 817 പേരെ യുദ്ധ വിരുദ്ധ പ്രതിഷേധം നടത്തിയതിന്റെ പേരിൽ അറസ്റ്റ് ചെയ്തു. തലസ്ഥാനമായ മോസ്കോയിൽനിന്ന് മാത്രം 300 പേരെയാണ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തെ അപലപിച്ചുകൊണ്ടുള്ള തുറന്ന കത്തുകളും നിരവധിയായി പ്രചരിക്കുന്നുണ്ട്.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ യുദ്ധത്തിനെതിരേ രംഗത്തുവന്നു. എന്നാൽ പ്രതി ഷേധ സ്വരം അടിച്ചമർത്താനാണ് റഷ്യൻ ഭരണകൂടത്തിന്റെ തീരു മാനം.
പോളണ്ട് അതിർത്തിയിൽ ആക്രമണം
പോളണ്ട്- യുക്രെയ്ൻ അതിർത്തി നഗരത്തിൽ റഷ്യൻ മിസൈലാക്രമണം. അതിർത്തിയിലെ യവോരിവ നഗരത്തിലാണ് റഷ്യ ആക്രമണം അഴിച്ചുവിട്ടത്.
പോളണ്ട് അതിർത്തിയിൽനിന്ന് 25 കിലോമിറ്റർ അകലം മാത്രമാണ് യവോരിവയിലേക്കുള്ളത്.
പടിഞ്ഞാറൻ നഗരമായ ലിവിവിലെ സൈനിക പരിശീലനകേന്ദ്രം ലക്ഷ്യമാക്കി റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 35 യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടു. നൂറിലേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു.
യുക്രെയ്നെ സഹായിക്കുന്ന വിദേശശക്തികളുടെ ആയുധശേഖരം തകർക്കുമെന്ന ഭീഷണിക്കു പിന്നാലെയാണ്,
നാറ്റോ അംഗമായ പോളണ്ടിനു സമീപമുള്ള അതിർത്തി നഗരത്തിൽ അതിശക്തമായ ആക്രമണം റഷ്യ നടത്തിയിരിക്കുന്നത്. മുപ്പതിലേറെ ക്രൂസ് മിസൈലുകളാണു റഷ്യൻസേന തൊടുത്തുവിട്ടത്.
കീവിൽ പൊരിഞ്ഞ പോരാട്ടം
കീവിലും സ്ഥിതിഗതികൾ സങ്കീർണമാണ്. നഗരം വളയുന്നതിനിടെ സുരക്ഷിത ഇടങ്ങളിലേക്ക് നീങ്ങിയ ഒരു സംഘം വനിതകളെയും കുട്ടികളെയും റഷ്യൻ സേന വെടിവച്ചു വീഴ്ത്തി.
ഒരു കുട്ടിയുൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ൻ അറിയിച്ചു. എന്നാൽ സൈന്യവും സന്നദ്ധപ്രവർത്തകരും തെരുവുകൾതോറും കനത്ത ചെറുത്തുനിൽപ്പ് തുടരുകയാണെന്നാണു യുക്രെയ്നിന്റെ വിശദീകരണം
ചൈനയുടെ സഹായം തേടി റഷ്യ
യുക്രെയ്നിനെതിരായ യുദ്ധത്തിൽ ചൈനയുടെ സൈനിക സഹായം അഭ്യാർഥിച്ച് റഷ്യ.
യുദ്ധം തുടരുന്നതിനിടെ ഡ്രോണുകൾ ഉൾപ്പെടെയുള്ളവ ചൈനയോട് റഷ്യ ആവശ്യപ്പെട്ടതായി യുഎസ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
എന്നാൽ, റഷ്യയെ സഹായിക്കാൻ ചൈന തയ്യാറാകുമോ എന്നത് സംബന്ധിച്ച സൂചനകളൊന്നുമില്ല.
ഇതിനിടെ യൂറോപ്പിലെ ഏറ്റവുംവലിയ ആണവനിലയമായ യുക്രെയ്നിലെ സഫ്രോസിയ റഷ്യ പൂർണമായും നിയന്ത്രണത്തിലാക്കാൻ തയ്യാറെടുക്കുകയാണ്.