തളിപ്പറമ്പ്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോലീസ് കസ്റ്റഡിയില്‍നിന്ന് രണ്ടുമാസംമുമ്പ് രക്ഷപ്പെട്ട ഹണിട്രാപ്പ് സംഘത്തലവന് റുവൈസിനെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. തളിപ്പറമ്പ സിഐ കെ.ജെ.വിനോയിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം പ്രവർത്തിക്കുക. എഎസ്ഐ ഗംഗാധരന്, സിപിഒ അബ്ദുള്‍റൗഫ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍.
അന്വേഷണ മേല്‍നോട്ടച്ചുമതല തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിനായിരിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് സെപ്റ്റംബർ മൂന്നിന് രാത്രി എട്ടരയോടെയാണ് കുറുമാത്തൂര്‍ ചൊറുക്കള റഹ്മത്ത് വില്ലയില്‍ കൊടിയില്‍ റുവൈസ് (22) രക്ഷപ്പെട്ടത്. ഓഗസ്റ്റ് 24 നാണ് റുവൈസിനെ (22)യും മൂന്ന് കൂട്ടാളികളുമടങ്ങിയ ഹണിട്രാപ്പ് സംഘത്തെ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ പ്രമുഖരെ സ്ത്രീകളോടൊപ്പം നിര്‍ത്തി തന്ത്രപൂര്‍വം ചിത്രീകരിച്ച കിടപ്പറരംഗങ്ങള്‍ കാണിച്ച് കോടികള്‍ തട്ടിയെടുത്ത കേസിലായിരുന്നു അറസ്റ്റ്. രക്താര്ബുദരോഗിയെന്നു നടിച്ച റുവൈസ് അന്നുതന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ദിവസം രാത്രി പത്തരയോടെ മലപ്പുറം കൊണ്ടോട്ടിയിലെ ബന്ധുവീട്ടിലെത്തിയ റുവൈസ് 200 രൂപ വാങ്ങിയശേഷം മുങ്ങിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഹണിട്രാപ്പ് കേസില്‍ റിമാന്‍ഡിലുള്ള വിദ്യാര്‍ഥി ശ്രീകണ്ഠപുരം നിടിയേങ്ങയിലെ വി.എസ്.അമല്‍ദേവിന്റെ (20) തലശേരി കൊടുവള്ളിയിലെ വാടക ക്വാര്‍ട്ടേഴ്സിലും സുഹൃത്തിന്റെ വീട്ടിലും അതിനടുത്തദിവസങ്ങളില് റുവൈസ് എത്തിയെങ്കിലും പിടികൂടാനായില്ല.
ഈ സാഹചര്യത്തിലാണ് റുവൈസിനെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്.ഹണിട്രാപ്പ് സംഘത്തിന്റെ ഇടപാടുകളെക്കുറിച്ച് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ എസ്ഐ കെ. ദിനേശന്, സീനിയര്‍ സിപിഒ മാരായ സുരേഷ് കക്കറ, മുഹമ്മദ് റൗഫ്, ജാബിര്‍, സ്നേഹേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം അന്വേഷിക്കുന്നുണ്ട്. ഹണിട്രാപ്പ് സംഘത്തിന്റെ ബ്ലാക്ക്മെയിലിംഗില്‍ കുടുങ്ങിയ പ്രമുഖരും യുവതികളുമാണ് റുവൈസിനെ സംരക്ഷിക്കുന്നതെന്ന് പോലീസിന് സൂചനയുണ്ട്.