പൂന: തങ്ങളുടെ ഗ്രാമത്തിൽ വേരുകളുള്ള രജനീകാന്തിനു ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ ആഹ്ലാദനിറവിലാണ് പൂനയ്ക്കു സമീപം മാവഡി കടേപത്തർ ഗ്രാമവാസികൾ.
ജന്മഗ്രാമം സന്ദർശിക്കുമെന്ന വാഗ്ദാനം രജനീകാന്ത് പാലിക്കാൻ കാത്തിരിക്കുകയാണു ഗ്രാമം.
ശിവാജിറാവു ഗെയ്ക്ക്വാദ്(നടനാകും മുന്പ് രജനീകാന്തിന്റെ പേര്) ഈ മണ്ണിന്റെ പുത്രനാണെന്നു പ്രദേശവാസികൾ പറഞ്ഞു.
ലോനാവാലയിൽ സിനിമാ ഷൂട്ടിംഗിനു വന്നപ്പോൾ ഗ്രാമവാസികൾ രജനീകാന്തിനെ സന്ദർശിച്ചിരുന്നു. ഞങ്ങൾ രജനീകാന്തിനെ കാണാൻ ചെന്നപ്പോൾ സുരക്ഷാ ഗാർഡുകൾ തടഞ്ഞു.
പിന്നീട് ഞങ്ങൾ അദ്ദേഹം താമസിക്കുന്ന ഹോട്ടലിലെത്തി രജനീകാന്തിനെ കണ്ടു. ഞങ്ങൾ ഹിന്ദിയിൽ സംസാരിച്ചപ്പോൾ അദ്ദേഹം മറാഠിയിലാണു സംസാരിച്ചത്.
രജനീകാന്ത് ഒഴുക്കോടെ മറാഠിയിൽ സംസാരിച്ചതു ഞങ്ങളെ അദ്ഭുതപ്പെടുത്തി-മാവഡി കടേപത്തർ മുൻ സർപഞ്ച് സദാനന്ദ് ജഗ്താപ് പറഞ്ഞു.
രജനീകാന്തിനെ സന്ദർശിച്ചശേഷം തന്റെ അച്ഛനും മറ്റു ഗ്രാമവാസികളും താരത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ലെന്ന് ആകാശ് ചഹർ എന്നയാൾ പറഞ്ഞു.
പൂന മേഖലയിൽ മാവഡി കടേപത്തർ ഗ്രാമം അറിയപ്പെടുന്നത് രജനീകാന്തിന്റെ ഗ്രാമം എന്നാണ്.
ഇവിടെനിന്നു രജനീകാന്തിന്റെ മുത്തച്ഛൻ കർണാടകയിലെ വിജയപുര താലൂക്കിലെ ബസവണ്ണ ബാഗേവാഡിയിലേക്കു താമസം മാറ്റുകയായിരുന്നു. പിന്നീട് കുടുംബം ബംഗളൂരുവിലേക്കു മാറി.
ബംഗളൂരുവിൽവച്ചാണ് രജനീകാന്ത് ജനിച്ചത്. പ്രദേശത്തെ പല കുടുംബങ്ങളെയും പോലെ തൊഴിൽ തേടിയാണു രജനീകാന്തിന്റെ കുടുംബം കർണാടകയിലെത്തിയത്.
2013ൽ മറാഠി സാഹിത്യസമ്മേളനത്തിന് രജനീകാന്തിനെ ക്ഷണിച്ചിരുന്നുവെങ്കിലും എത്തിയില്ല.
മഹാരാഷ്ട്ര സർക്കാരിന്റെ ഏറ്റവും വലിയ അവാർഡായ മഹാരാഷ്ട്ര ഭൂഷൺ രജനീകാന്തിനു സമ്മാനിക്കണമെന്നു ബിജെപി എംഎൽഎ അനിൽ ഗോതെ 2016ൽ ആവശ്യപ്പെട്ടിരുന്നു.
രജനീകാന്തിന്റെ കുടുംബം കോലാപ്പുരിൽനിന്നുള്ളവരാണെന്നായിരുന്നു അനിൽ ഗോതെയുടെ അവകാശവാദം.
1950 ഡിസംബർ 12നു രാമോജിറാവു ഗേയ്ക്ക്വാദിന്റെയും ജീജാബായിയുടെയും നാലാമത്തെ കുട്ടിയായാണു രജനീകാന്ത് ജനിച്ചത്. രാമോജിറാവു പോലീസ് കോൺസ്റ്റബിളായിരുന്നു. രജനീകാന്തിന് എട്ടു വയസുള്ളപ്പോൾ അമ്മ മരിച്ചു.