വിമാനത്തിന്റെ എമർജൻസി വാതിലിലൂടെ പുറത്തുചാടിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. വിദേശ വിമാനക്കന്പനിയായ റയാൻ എയറിന്റെ വിമാനത്തിലാണ് സംഭവം. ലണ്ടനിൽനിന്ന് പറന്നുയർന്ന വിമാനം ദക്ഷിണസ്പെയിനിലെ മലാഗ വിമാനത്താവളത്തിലെത്തി യാത്രക്കാരെ ഇറക്കുന്നതിലുള്ള സിഗ്നലിനായി കാത്തിരിക്കുന്പോഴായിരുന്നു യാത്രക്കാരിലൊരാൾ സാഹസം കാട്ടിയത്. മറ്റു യാത്രക്കാർ നോക്കി നിൽക്കേ എമർജൻസി വിൻഡോ തുറന്ന് യാത്രക്കാരൻ പുറത്തേക്കു ചാടുകയായിരുന്നു.
എന്നാൽ, വിമാനത്തിന്റെ ചിറകിലേക്കാണ് കക്ഷി വീണത്. സംഭവം ശ്രദ്ധയിൽപ്പെട്ട പൈലറ്റ് ഉടൻതന്നെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ പാഞ്ഞെത്തി “എടുത്തുചാട്ടം’ നടത്തിയ യാത്രക്കാരനെ കൈയോടെ പിടികൂടുകയും ചെയ്തു. കാത്തിരുന്നു മുഷിഞ്ഞതിനാലാണ് താൻ എമർജൻസി എക്സിറ്റ് ഉപയോഗിച്ചതെന്നാണ് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞത്.