സ്വന്തം ലേഖകന്‍
കോഴിക്കോട്: വ്ളോഗറും ആല്‍ബം താരവുമായ പാവണ്ടൂര്‍ മന്ദലത്തില്‍ അമ്പലപ്പറമ്പില്‍ റിഫ മെഹ്നുവിന്റെ (21) ദുരൂഹമരണത്തില്‍ പോലീസില്‍ പരാതി നല്‍കാനൊരുങ്ങി ബന്ധുക്കള്‍.
ഭര്‍ത്താവ് മെഹ്നാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഇവർ നൽകുന്ന സൂചന.
റിഫയും ഭര്‍ത്താവ് മെഹനാസും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.
സ്വന്തമായി വീടില്ലാത്ത റിഫയും കുടുംബവും ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം.
സ്വന്തമായി ഒരു വീടുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണു റിഫ ദുബായിലെത്തിയത്.
ഭര്‍ത്താവ് മെഹനാസിനും ജോലിയുണ്ടായിരുന്നില്ല. ജോലി കണ്ടെത്താനാണ് ഇരുവരും ചേര്‍ന്നു മൂന്നു മാസം മുന്‍പ് സന്ദര്‍ശക വിസയിലെത്തിയത്.
ഇതിനിടയില്‍ റിഫയ്ക്ക് പര്‍ദ കടയില്‍ ജോലി ശരിയായി. എന്നാല്‍ ജോലി ലഭിക്കാതിരുന്ന മെഹനാസിന്റെ വിസ കാലാവധി അവസാനിക്കാറായിരുന്നു.
തുടര്‍ന്നു നാട്ടിലേക്കു മടങ്ങുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ സംസാരമുണ്ടായതായും ബന്ധുക്കള്‍ പറയുന്നു.
സോഷ്യല്‍ മീഡിയ പ്രമോഷണല്‍ വിഡിയോകള്‍ വഴി റിഫയ്ക്ക് വരുമാനം ലഭിച്ചിരുന്നു.
പണമെല്ലാം മെഹനാസാണ് ചെലവാക്കിയിരുന്നതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ഇതേ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായും പറയുന്നു. റിഫയുടെ ഫോണ്‍ മെഹനാസിന്റെ കൈവശമായിരുന്നു എന്നാണു വിവരം.
റിഫയെ വിളിക്കണമെങ്കില്‍ മെഹനാസിന്റെ വിളിക്കണമായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ആത്മഹത്യ ചെയ്ത ദിവസം ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ നേരം വൈകുന്നതിനെ ചൊല്ലിയും വാക്കുതര്‍ക്കമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
വ്ളോഗര്‍ ജോലിയും അതുവഴിയുള്ള പ്രശസ്തിയും ഭര്‍ത്താവിനെ ചൊടിപ്പിച്ചിരുന്നതായും ഇത് മാനസികവിഷമത്തിനിടയാക്കിയതായും വിവരമുണ്ട്.
ഇക്കാര്യങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ് പരാതി നല്‍കാനാണ് തീരുമാനം.