ന്യൂഡൽഹി: പ്രമുഖ അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ് (എസ് ആൻഡ് പി) ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് കൂട്ടിയില്ല. കഴിഞ്ഞയാഴ്ച മൂഡീസ് എന്ന ഏജൻസി റേറ്റിംഗ് ഒരു തട്ട് ഉയർത്തിയിരുന്നു. ഫിച്ച് എന്ന അന്താരാഷ്ട്ര ഏജൻസിയുടെ വിലയിരുത്തൽ താമസിയാതെ വരും.
നിക്ഷേപയോഗ്യമായവയിലെ ഏറ്റവും താഴ്ന്ന തട്ടായ ബിബിബി മൈനസ് ആണ് എസ് ആൻഡ് പിയിലെ ഇന്ത്യൻ റേറ്റിംഗ്. ഭാവിസാധ്യത ഭദ്രം എന്നും വിലയിരുത്തി. ഇതിന്റെ ഒരുപടി മുകളിലേക്കാണു മൂഡീസ് ഇന്ത്യയെ ഉയർത്തിയത്.
മൂഡീസിന്റെ റേറ്റിംഗിനെ തുടർന്ന് അമിതാവേശത്തിലായിരുന്നു ഗവൺമെന്റ്. ഇന്നലത്തെ റേറ്റിംഗിനെ ഗവൺമെന്റ് വിമർശിക്കുകയും ചെയ്തു. എങ്കിലും സമീപവർഷങ്ങളിലെ മാറ്റവും പുരോഗതിയും ഏജൻസി വിലയിരുത്തിയില്ലെന്നു ധനമന്ത്രാലയ ഉദ്യോഗസ്ഥർ പരാതിപ്പെട്ടു.
2007 ജനുവരിയിൽ നല്കിയിരിക്കുന്ന റേറ്റിംഗാണ് എസ് ആൻഡ് പി തുടർന്നത്. ഭാവിസാധ്യത 2014ൽ ഭദ്രം എന്നതിലേക്ക് ഉയർത്തിയിരുന്നു.ആളോഹരി വരുമാനം കുറവാണ്; കടം-ജിഡിപി അനുപാതം മെച്ചമല്ല, ധനകമ്മിയിലും വിദേശകമ്മിയിലും അപായസാധ്യത നിലനിൽക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങൾ എസ് ആൻഡ് പി ചൂണ്ടിക്കാട്ടി. പാപ്പർ നിയമം, ജിഎസ്ടി നടപ്പാക്കൽ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണു മൂഡീസ് റേറ്റിംഗ് കൂട്ടിയത്. എന്നാൽ, എസ് ആൻഡ് പി അവയെ കാര്യമായി കണക്കാക്കിയില്ല.
ജൂലൈ-സെപ്റ്റംബറിലെ സാന്പത്തിക (ജിഡിപി) വളർച്ച തലേ ത്രൈമാസത്തേക്കാൾ വളരെ മെച്ചമാകുമെന്നും സാന്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ഇന്നലെ അവകാശപ്പെട്ടു. (നവംബർ 30നു വളർച്ചാക്കണക്ക് പുറത്തുവരും). സന്പദ്ഘടന ശരിയായ ദിശയിലാമെന്നും ധനകമ്മി ലക്ഷ്യം മറികടക്കില്ലെന്നും ഗാർഗ് പറഞ്ഞു. അനുകൂല ഘടകങ്ങൾ പരിഗണിക്കാതെയാണ് എസ് ആൻഡ് പി റിപ്പോർട്ട് എന്നു സെക്രട്ടറി കുറ്റപ്പെടുത്തി.