തലശേരി: താമരശേരി ചുരത്തിലെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചശേഷം പണം നൽകാതെ പോയ പോലീസ് ഉദ്യോഗസ്ഥനെ ഹോട്ടലുടമയും സുഹൃത്തുക്കളും പിന്തുടർന്ന് പിടികൂടി.
ഇന്നലെ അർധരാത്രിയിൽ തൊട്ടിൽപാലത്താണ് സംഭവം. സംഭവത്തിൽ ന്യൂ മാഹി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അനിൽകുമാറിനെതിരs തൊട്ടിൽപാലം പോലീസ് കേസെടുത്തു.
വയനാട് യാത്ര കഴിഞ്ഞ് വരികയായി എസ്ഐയും സംഘവും ചുരത്തിലെ പക്രന്തളം പത്താം വളവിലെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചശേഷം പണം നൽകാതെ സ്ഥലം വിടുകയായിരുന്നുവെന്നാണ് ആരോപണം.
പിന്തുടർന്ന് എത്തിയ ഹോട്ടലുടമയും സുഹൃത്തുക്കളും എസ്ഐയെയും സംഘത്തെയും തൊട്ടിൽപാലത്ത് വച്ച് പിടികൂടുകയായിരുന്നു.
സംഘർഷാവസ്ഥ ഉടലെടുത്തതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും എസ് ഐയെയും സംഘത്തെയും കസ്റ്റഡിയിലെടുക്കുകയും എസ്ഐക്കെതിരെ മദ്യപിച്ച് ബഹളം വച്ചതിന് കേസെടുക്കുകയും ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞാണ് എസ് ഐ ഹോട്ടലിൽ നിന്നും പണം നൽകാതെ സ്ഥലം വിട്ടതെന്നും പരാതി ഉയർത്തിട്ടുണ്ട്. എന്നാൽ ഹോട്ടലുടമ ബില്ലിൽ ജിഎസ് ടി തട്ടിപ്പ് നടത്തിയതിനെ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ഭക്ഷണത്തിന് ബില്ല് നൽകാതെ സ്ഥലം വിട്ടു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ന്യൂ മാഹി പോലീസ് പറഞ്ഞു.