ആലപ്പുഴ: ഗായിക എസ്. ജാനകി അന്തരിച്ചു എന്ന തരത്തിൽ തുടർച്ചയായി സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം നടത്തുന്നതിൽ കടുത്ത പ്രതിഷേധം ഉയരുന്നു.
സമൂഹം ആദരിക്കുന്ന ഗായികയോടുള്ള അവഹേളനവും അധിക്ഷേപവും മാത്രമല്ല കടുത്ത സാമൂഹ്യദ്രോഹം കൂടിയാണെന്ന് കലാരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഇതിനകം ഒൻപതു പ്രാവശ്യമാണ് എസ്.ജാനകി അന്തിരിച്ചെന്ന വ്യാജപ്രചാരണം സോഷ്യൽ മീഡിയയിൽ നടന്നത്.
നേരത്തെയും ഇന്നസെന്റ്, ജഗതി അടക്കമുള്ള പലർക്കുമെതിരേ ഇത്തരം പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നിട്ടുണ്ട്. അതേസമയം, എസ്.ജാനകിക്കെതിരേ തുടർച്ചയായി വ്യാജം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ സാമൂഹ്യവിരുദ്ധ ശക്തികൾ.
ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി മലയാളത്തിലെ സിനിമ പിന്നണി ഗായകരുടെ സംഘടന സമം രംഗത്തുവന്നു. പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെ നിയമ പരമായി നേരിടുമെന്ന് സമം പ്രസിഡന്റ് സുദീപ് കുമാർ അറിയിച്ചു. സമം നേരത്തെയും ഇത്തരം പ്രചാരണങ്ങൾക്കെതിരേ സമരം പരാതി നൽകിയിരുന്നു.
തുടർന്ന് പത്തനംതിട്ട സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തവണയും പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചു സൂചന കിട്ടിയതായാണ് അറിവ്. വ്യാജപ്രചാരണം നടത്തിയവരും മനഃസമാധാനത്തോടെ ഇരിക്കാമെന്നു കരുതേണ്ട എന്നും സമം ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ ദിവസം ഗായിക കെ.എസ്. ചിത്ര ജാനകിയമ്മയെ വിളിച്ചു വിശേഷങ്ങൾ തിരക്കിയതാണെന്നും അവർ പൂർണ ആരോഗ്യവതിയായി സുഖമായിരിക്കുന്നുവെന്നു അറിയാൻ കഴിഞ്ഞതായും സുദീപ് പറഞ്ഞു. ഒരു വിവാദ വിഷയങ്ങളിലും ഉൾപ്പെട്ടിട്ടില്ലാത്ത ജാനകിയമ്മയെ പോലുള്ളവർക്കെതിരെ ഇത്തരം പ്രചാരണം നടത്തുന്നത് ക്രൂരത ആണ്.
ആരെങ്കിലും അയച്ചതു കാണുമ്പോൾ സത്യം അന്വേഷിക്കാതെ ഗ്രാഫിക്സ് വരെ ഉപയോഗിച്ചു പലരും അതിനെ പ്രചരിപ്പിക്കുന്നു. ഈ ക്രൂരത ഇനി അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.