യേശുദാസിന്റെ സ്വരം അനുകരിക്കാന്‍ ശ്രമിച്ചു എന്ന കാരണത്താല്‍ അടുത്തിടെ മലയാളിയായ യുവാവിന് മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കാതെ പോയിരുന്നു. സമാനമായ രീതിയില്‍ അനുഗ്രഹീത കലാകാരി എസ് ജാനകിയുടെ സ്വരത്തില്‍ പാടുന്ന ഗംഗമ്മ എന്ന സ്ത്രീയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്. കണ്ണടച്ചു കേട്ടാല്‍ യഥാര്‍ഥത്തില്‍ ജാനകിയല്ലെന്ന് ആര്‍ക്കും തോന്നില്ല. പക്ഷെ,അത് ജാനകിയല്ല. മറിച്ച് ജാനകിയുടെ സ്വരമുള്ള ഗംഗമ്മയാണ്.
കര്‍ണാടകയിലെ കോപ്പലാണ് ഗംഗമ്മയുടെ നാട്. നാട്ടില്‍ നടന്ന ഒരു ചടങ്ങിനിടെ ഗംഗമ്മ പാടിയ പാട്ടാണ് വൈറലായത്. സത്യം ശിവം സുന്ദരം എന്ന ഗാനമാണ് ഗംഗമ്മ പാടിയത്. ഗംഗമ്മയുടെ പാട്ടുകേട്ടവര്‍ സിനിമയില്‍ പാടാന്‍ ഇവര്‍ക്ക് അവസരം നല്‍കണമെന്നു ആവശ്യപ്പെട്ടു ഗാനം സമൂഹമാധ്യമങ്ങളിലുടനീളം പങ്കുവച്ചു. തുടര്‍ന്ന് ഇപ്പോഴിതാ ഗംഗമ്മയ്ക്ക് സിനിമയില്‍ പാടാനുള്ള അവസരവും ലഭിച്ചിരിക്കുന്നു.
പട്ടിണിക്കിടയിലും സംഗീതത്തെ വിടാതെ കൂടെക്കൂട്ടിയിട്ടുണ്ടായിരുന്നു ഗംഗമ്മ. അതേക്കുറിച്ച് അവര്‍ പറയുന്നതിങ്ങനെ…’ചെറുപ്പം മുതല്‍ എനിക്ക് സംഗീതത്തോടു വലിയ ഇഷ്ടമായിരുന്നു. പക്ഷെ, എന്റെ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. ഒരു ദിവസം അമ്മ എന്നെ അടിച്ചു. മൂന്നു ദിവസത്തേക്കു ഭക്ഷണം പോലും നല്‍കിയില്ല. ഇരുപതു വര്‍ഷമായി ഞാന്‍ പാടുന്നുണ്ട്.
പക്ഷെ, അന്നൊന്നും എവിടെയും പരിഗണിക്കപ്പെട്ടിരുന്നില്ല. ഞാന്‍ പാടിയ ‘സത്യം ശിവം സുന്ദരം’ എന്ന ഗാനം വൈറലായി. അന്നു മുതല്‍ ജനങ്ങള്‍ എന്റെ പാട്ടിനെ അംഗീകരിക്കാനും തുടങ്ങി. ഹിന്ദി എനിക്ക് എഴുതാനോ വായിക്കാനോ അറിയില്ല. ആ വരികള്‍ കന്നടയില്‍ എഴുതിയാണ് ഞാന്‍ പഠിച്ചതും പാടിയതും.
കര്‍ണാടക സര്‍ക്കാര്‍ രണ്ടു പുരസ്കാരങ്ങള്‍ എനിക്കു നല്കി. ഇപ്പോള്‍ എനിക്ക് സിനിമയില്‍ പാടാന്‍ ഒരു അവസരവും ലഭിച്ചു. ഇതുവരെ സ്വന്തമായി ഒരു വീടില്ല. ആദ്യമായി ഓര്‍ക്കസ്ട്രയില്‍ പാടിയപ്പോള്‍ എനിക്കു വലിയ സന്തോഷം തോന്നി. ഞാനല്ല, നിങ്ങളാണ് ഇപ്പോള്‍ യഥാര്‍ഥത്തില്‍ എസ് ജാനകി എന്നായിരുന്നു എന്റെ പാട്ടുകേട്ട് ജാനകിയമ്മ എന്നോടു പറഞ്ഞത്’. ഗംഗമ്മ പറഞ്ഞു നിര്‍ത്തുന്നു.