കൊല്ലങ്കോട്: മുതലമട ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ്.കൃഷ്ണകുമാർ രാജിവച്ചു. പഞ്ചായത്ത് പ്രദേശങ്ങളിൽ അനധികൃതമായി ക്രഷർ യൂണിറ്റുകൾ പ്രവർത്തിക്കുന്നതിനെതിരേ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് രാജി.
പരിസ്ഥിതി ലോലപ്രദേശങ്ങളിൽവരെ വൻകിട ക്വാറികൾക്ക് പ്രവർത്തിക്കാൻ ഇടതുപക്ഷ ഭരണസമിതി സഹായം നല്കുന്നതായി കൃഷ്ണകുമാർ ആരോപിച്ചു.2015-ൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുതലമട പത്താംവാർഡിൽനിന്നും സ്വതന്ത്രനായി മത്സരിച്ചാണ് കൃഷ്ണകുമാർ വിജയിച്ചത്. മുൻഭരണസമിതിയുടെ കാലത്ത് മൂച്ചൻകുണ്ട് ക്വാറിയുടെ പ്രവർത്തനത്തിനെതിരേ കൃഷ്ണകുമാർ ശക്തമായി പ്രതികരിച്ചിരുന്നു.
സിപിഎം ഭരണസമിതിയിൽ പ്രസിഡന്റ് ബേബി സുധയ്ക്കുള്ള പിന്തുണയും കൃഷ്ണകുമാർ പിൻവലിച്ചു. നിലവിൽ സിപിഎമ്മിന് ഒന്പത്, സിപിഐ-ഒന്ന്, കോണ്ഗ്രസ്-അഞ്ച്, ബിജെപി-നാല് എന്നിങ്ങനെയാണ് കക്ഷിനില. ഇതോടെ ഭരണപക്ഷത്തിന്റെ കക്ഷിനില പത്തായി ചുരുങ്ങി.
കൃഷ്ണകുമാറിനെ ഇടതുമുന്നണിയിൽ തന്നെ നിലനിർത്താൻ അണിയറയിൽ ശ്രമം തുടങ്ങിയതായും സൂചനയുണ്ട്. എന്നാൽ കോടതിവിധിയിലൂടെയാണ് ക്വാറികൾ പ്രവർത്തിക്കുന്നതെന്ന് ഭരണകക്ഷിനേതാക്കൾ വിശദീകരണവുമായി രംഗത്തെത്തി. ഇടതുമുന്നണി ഭരണസമിതിക്കെതിരേ അവിശ്വാസം കൊണ്ടുവരുന്ന കാര്യവും കൃഷ്ണകുമാർ ആലോചിക്കുന്നുണ്ട്.