തിരുവനന്തപുരം: “ഇക്കഴിഞ്ഞ ബുധനാഴ്ചയും ഞാൻ താണുവിനെ ഫോണിൽ വിളിച്ചിരുന്നു. പതിവു വിശേഷങ്ങളൊക്കെ പങ്കുവച്ചു.
വൈകാതെ തിരുവനന്തപുരത്തേക്കു വരുമെന്നും തമ്മിൽ കാണാമെന്നു പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്.
ഇന്നലെ വിഎസ്എസ്സിയിൽ ജോലി ചെയ്യുന്ന സുഹൃത്ത് രാമകൃഷ്ണനാണ് ആ വാർത്ത വിളിച്ചറിയിച്ചത്…’
വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ താണു പദ്മനാഭന്റെ ആത്മസുഹൃത്തും സഹപാഠിയുമായ എസ്. പത്മനാഭ അയ്യരുടെ വാക്കുകൾ മുറിഞ്ഞു.
സഹപാഠിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നിന്ന് കരകയറാനാകെ അദ്ദേഹം അൽപനേരം നിശബ്ദനായി.
അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ കരമന ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിൽ ഒരേ ബഞ്ചിലിരുന്നാണ് ഇരുവരും പഠിച്ചത്.
താണു പത്മനാഭൻ ഊർജതന്ത്രത്തിന്റെ ഉന്നതികളിലേക്ക് കുതിച്ചത് ഇവിടെ നിന്നായിരുന്നു. മലയാളം മീഡിയത്തിൽ പഠിച്ച് വിശ്വ വിഖ്യാത ശാസ്ത്രജ്ഞനായി മാറിയ താണുവിനെ കുറിച്ചുള്ള ഓർമകൾ എന്നും അത്ഭുതങ്ങൾ നിറഞ്ഞതാണ് പത്മനാഭന്.
ആ വാക്കുകളിലേക്ക്,കണക്കിലും ഭൗതികശാസ്ത്രത്തിലും കുട്ടിക്കാലത്തു തന്നെ അസാമാന്യ അറിവായിരുന്നു താണുവിന്.
സ്കൂളിലെ ഭൗതിക ശാസ്ത്ര അധ്യാപകനായ നാരായണൻ നായർ സർ താണുവിനെ അകമഴിഞ്ഞ് സ്നേഹിച്ചിരുന്നു.
2018 ൽ പത്മശ്രീ ലഭിച്ചതിനു ശേഷം തിരുവനന്തപുരത്തെത്തിയ താണുവിനൊപ്പം താനും നാരായണൻ നായർ സാറിനെ സന്ദർശിക്കാൻ പോയിരുന്നു.
അപ്പോഴും അദ്ദേഹം താണുവിനു മേൽ അനുഗ്രഹവും ആശംസകളും ചൊരിഞ്ഞു.
1972 ലാണ് താണു പദ്മനാഭനും എസ്. പദ്മനാഭ അയ്യരും പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയത്.
അതിനു ശേഷം ഇരുവരും രണ്ടു വിഷയങ്ങളിലേക്കു ചേക്കേറി. പ്രീഡിഗ്രിക്കു മാത്സ് എടുത്തു താണുവും തേർഡ് ഗ്രൂപ്പ് എടുത്ത് പത്മനാഭ അയ്യരും തുടർ പഠനത്തിലേക്കു കടന്നു.
താണു പദ്മനാഭൻ യൂണിവേഴ്സിറ്റി കോളജിൽ നിന്നും ബിഎസ്സി ഫിസിക്സും എംഎസ്സി ഫിസിക്സും ഒന്നാം റാങ്കോടെ പാസായി. പിന്നീട് പൂനയിലേക്കു ചേക്കേറി.
സാന്പത്തിക ശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കിയ പദ്മനാഭ അയ്യർ യൂക്കോ ബാങ്കിൽ ഉദ്യോഗസ്ഥനായി. അതോടെ ഇടയ്ക്കിടയെുള്ള കണ്ടുമുട്ടലുകൾ കുറഞ്ഞു.
എങ്കിലും തിരുവനന്തപുരത്തു വരുന്പോഴൊക്കെ ഇരുവരും തമ്മിൽ കാണാൻ ശ്രമിച്ചിരുന്നു. 2001 ൽ പദ്മനാഭ അയ്യർ വിആർഎസ് എടുത്തു.
ഇതിനിടയിൽ ഫോണ് സംഭാഷണങ്ങളിലൂടെ അവർ സൗഹൃദത്തിന്റെ നക്ഷത്ര തിളക്കമുള്ള ഓർമകൾ വിളക്കിയെടുത്തു.
2018 ൽ പദ്മശ്രീ കിട്ടയ ശേഷം കരമന സ്കൂളിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ താണു പദ്മനാഭൻ തിരുവനന്തപുരത്തെത്തിയപ്പോൾ ഏറെ കാലത്തിനു ശേഷം അവർ വീണ്ടും കണ്ടുമുട്ടി.
അതിനു ശേഷം എല്ലായ്പ്പോഴും പദ്മനാഭ അയ്യർ താണുവുമായി ഫോണിൽ സംസാരിച്ചിരുന്നു.
’ഇവിടുത്തെ വിശേഷങ്ങൾ താത്പര്യത്തോടെ ചോദിച്ചറിയും. സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര പുരസ്കാരം ലഭിച്ചതിൽ താണു ഏറെ സന്തുഷ്ടനും സന്തോഷവാനുമായിരുന്നു.
വീണ്ടും ഞങ്ങൾ സുഹൃത്തുക്കളെല്ലാം കൂടി കരമനയിലെ സ്കൂൾ മുറ്റത്ത് ഒരു ഒത്തുചേരലിന് തയാറെടുക്കുകയായിരുന്നു…’
കൂട്ടുകാരനെ അവസാനമായി ഒരു നോക്കു കാണാൻ കഴിയാത്തതിന്റെ സങ്കടത്തിൽ പദ്മനാഭ അയ്യരുടെ കണ്ഠമിടറി.