ഇടുക്കി: ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം വീണ്ടും നിഷേധിച്ചു സിപിഎമ്മിന്റെ മുൻ മൂന്നാർ എംഎൽഎ എസ്. രാജേന്ദ്രൻ. ബിജെപിയുടെ ദേശീയ നേതാവും കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കറെ ഡൽഹിയിലെത്തി കണ്ടത് തികച്ചും വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ്. രാഷ്ട്രീയമായി ഇതിനു യാതൊരു ബന്ധവുമില്ല.
നേരിട്ടുകണ്ടു സംസാരിച്ചു എന്നല്ലാതെ മറ്റു രഹസ്യങ്ങളൊന്നുമില്ല- രാജേന്ദ്രൻ പറഞ്ഞു. ഡൽഹിയിൽനിന്നു തിരിച്ചെത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകാശ് ജാവദേക്കറെ മന്ത്രിയായിരിക്കുന്ന കാലം മുതൽ പരിചയമുണ്ട്. വീട്ടിൽ വന്നിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തെ കണ്ടതു ഒരു ബന്ധുവിന്റെ വിവാഹാവശ്യവുമായി ബന്ധപ്പെട്ടാണ്. ബിജെപിയിലേക്കില്ലെന്ന് അദ്ദേഹത്തോട് വ്യക്തമാക്കിയിട്ടുണ്ട്. ഇടതുപക്ഷത്തിനൊപ്പംതന്നെ നിൽക്കാനാണു എന്റെ തീരുമാനം.
ബിജെപിയിലേക്കു ക്ഷണമുണ്ടായെങ്കിലും പോകുന്നില്ല. പാർട്ടിയുമായുള്ള പ്രശ്നങ്ങൾ ചർച്ചചെയ്തു പരിഹരിക്കുമെന്നും തന്റെ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.സിപിഎമ്മുമായുള്ള അകൽച്ച അവസാനിപ്പിച്ച് ഞായറാഴ്ച മൂന്നാറിൽ നടന്ന എൽഡിഎഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വൻഷനിൽ രാജേന്ദ്രൻ പങ്കെടുത്തിരുന്നു.
സിപിഎം മെന്പർഷിപ്പ് പുതുക്കുമെന്നും രാജേന്ദ്രൻ അറിയിച്ചിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കൾ നടത്തിയ ചർച്ചകൾക്കൊടുവിലായിരുന്നു ഈ പ്രഖ്യാപനം. ഇതിനു പിന്നാലെയാണ് രാജേന്ദ്രൻ ജാവദേക്കറിനെ ഡൽഹിയിലെ വസതിയിലെത്തി കണ്ടത്.