മുന്നാർ: സ്ഥാനചലനം സംഭവിച്ച ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ വിമർശിച്ച് എസ്.രാജേന്ദ്രൻ എംഎൽഎ. സബ് കളക്ടർ എന്ന നിലയിൽ ശ്രീറാം വെങ്കിട്ടരാമൻ പരാജയമായിരുന്നെന്നും ജനകീയ വിഷയങ്ങളിൽ ഇടപെടലുണ്ടായില്ലെന്നും രാജേന്ദ്രൻ കുറ്റപ്പെടുത്തി. സബ് കളക്ടറുടെ പ്രവർത്തനം സർക്കാർ ജനങ്ങൾക്കെതിരാണെന്ന പ്രതീതിയുണ്ടാക്കിയെന്നും രാജേന്ദ്രൻ ആരോപിച്ചു. നേരത്തെ, മൂന്നാറിലെ സർക്കാർ ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രീറാം വെങ്കിട്ടരാമന്റെ നീക്കങ്ങളെ മുന്നിൽനിന്നെതിർത്തവരിൽ ഒരാൾ രാജേന്ദ്രനായിരുന്നു.
മൂന്നാറിൽ ലൗ ഡെയിൽ റിസോർട്ട് ഒഴിപ്പിക്കാനുള്ള തീരുമാനം ശരിവച്ച ഹൈക്കോടതി വിധി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും തിരിച്ചടിയായതിനു പിന്നാലെയാണ് ശ്രീറാമിനെ ദേവികുളം സബ്കളക്ടർ സ്ഥാനത്തുനിന്നു മാറ്റിയത്. ഈ വിഷയത്തിൽ മറുപക്ഷത്തു നിന്ന റവന്യുവകുപ്പിന്റെയും സിപിഐയുടെയും നിലപാട് ഫലത്തിൽ കോടതി ശരിവച്ചിരുന്നു.
വി.വി. ജോർജിന്റെ കൈവശമുള്ള മൂന്നാർ ടൗണിലെ 22 സെന്റ് ഭൂമി സർക്കാർ ഏറ്റെടുത്ത് അവിടെ വില്ലേജ് ഓഫീസ് നിർമിക്കാനായിരുന്നു പദ്ധതി. എന്നാൽ, ദേവികുളം സബ് കളക്ടർ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയതിനെത്തുടർന്ന് ഇടുക്കിയിലെ പ്രമുഖ നേതാക്കളെല്ലാം ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കും നൽകി. കൈവശഭൂമി ഒഴിപ്പിക്കുന്ന പ്രശ്നം എന്നു പറഞ്ഞെങ്കിലും നിവേദനത്തിൽ വി.വി. ജോർജിന്റെ 22 സെന്റ് ഭൂമിയേക്കുറിച്ചു പ്രത്യേകമായി പരാമർശിച്ചിരുന്നു. സിപിഎം, സിപിഐ, കോണ്ഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളുടെ നേതാക്കൾ നിവേദനത്തിൽ ഒപ്പിട്ടിരുന്നു.
നിയമപരമായി തടസമില്ലാത്ത ഭൂമിയിൽനിന്നു കരം വാങ്ങാമെന്നാണ് മൂന്നാർ പ്രശ്നം ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി തീരുമാനമെടുത്തത്. യോഗത്തിൽ റവന്യു മന്ത്രി പങ്കെടുത്തിരുന്നില്ല. ഇതിനെതിരായാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചത്.