കൊച്ചി: കവിയും ഗാനരചയിതാവുമായ എസ്. രമേശന് നായര്‍ക്ക് (73) നാട് വിടചൊല്ലി. ഇന്നു രാവിലെ 11ന് പച്ചാളം പൊതുശ്മാനത്തിലായിരുന്നു സംസ്കാരം.
പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു നടന്ന ചടങ്ങില്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ അദേഹത്തിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ എത്തി. കാന്‍സര്‍ ബാധിതനായി ചികിത്സയിലിക്കെ കോവിഡ് ബാധിച്ച് ഇന്നലെയായിരുന്നു മരണം.
160 ഓളം സിനിമകള്‍ക്കായി 700 ല്‍പരം ഗാനങ്ങള്‍ രമേശന് നായര്‍ രചിച്ചിട്ടുണ്ട്. 200 ആല്‍ബങ്ങള്‍ക്കായി 2000 ത്തോളം ഭക്തിഗാനങ്ങള്‍ എഴുതിയ ഇദേഹം ആറ് സീരിയലുകള്‍ക്കും ഗാനരചന നടത്തി.
കന്യാകുമാരിയിലെ കുമാരപുരത്ത് 1948 മേയ് മൂന്നിന് എ. ഷഡാനനന്‍ തമ്പിയുടെയും പരമേശ്വരി അമ്മയുടെയും മകനായാണ് ജനനം.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍നിന്നു 1972 ല്‍ റാങ്കോടെ എംഎ പാസായി. 1973 മുതല്‍ 75 വരെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലും 1975 മുതല്‍ 1995 വരെ ഓള് ഇന്ത്യ റേഡിയോയിലും ജോലി ചെയ്തു.
വോളണ്ടറി റിട്ടയര്‍മെന്റ് എടുത്തശേഷം മുഴുവന്‍സമയ സാഹിത്യ രചനകളില്‍ മുഴുകി. 1985 ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന ചിത്രത്തിനുവേണ്ടി ഗാനങ്ങള്‍ രചിച്ചാണ് മലയാളചലച്ചിത്ര രംഗത്തെ പ്രവേശനം.
ഗുരു, അനിയത്തിപ്രാവ്, മയില്‍പ്പീലിക്കാവ്, പഞ്ചാബി ഹൗസ് തുടങ്ങിയ ചിത്രങ്ങളുടെ ഗാനരചന രമേശന് നായരായിരുന്നു. ഹൃദയവീണ, പാമ്പാട്ടി, ദുഃഖത്തിന്റെ നിറം, കസ്തൂരിഗന്ധി, അഗ്രേപശ്യാമി, ജന്മപുരാണം, ചരിത്രത്തിന് പറയാനുള്ളത് എന്നിവയാണ് പ്രധാന കൃതികള്‍.
തിരുക്കുറല്‍, ചിലപ്പതികാരം എന്നിവയുടെ മലയാള വിവര്‍ത്തനവും നിര്‍വഹിച്ചു. സ്വാതിമേഘം, അളകനന്ദ, ശതാഭിഷേകം, വികടവൃത്തം തുടങ്ങിയ നാടകങ്ങളും രചിച്ചിട്ടുണ്ട്. കുട്ടികളുടെ ചിലപ്പതികാരം, കളിപ്പാട്ടങ്ങള്‍, ഉറുമ്പുവരി, പഞ്ചാമൃതം, മുത്തച്ഛന്റെ ഓണം തുടങ്ങിയവയാണ് ബാലസാഹിത്യകൃതികള്‍.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം, വെണ്ണിക്കുളം സ്മാരക പുരസകാരം, ആശാന് പുരസ്കാരം എന്നിവയുള്‍പ്പെടെ നിരവധി ബഹുമതികും ലഭിച്ചു.
തൃശൂര്‍ വിവേകോദയം സ്കൂള്‍ റിട്ട. അധ്യാപികയും എഴുത്തുകാരിയുമായ പി. രമയാണ് ഭാര്യ. ഏകമകന് മനു രമേശന് സംഗീതസംവിധായകനാണ്. മകനോടൊപ്പം എളമക്കരയിലായിരുന്നു താമസം.