ഹരുണി സുരേഷ്
വൈപ്പിന്‍: “തെരഞ്ഞെടുപ്പു ഫണ്ട് കണ്ടെത്താന്‍ ഇന്നത്തേതുപോലെ എളുപ്പമായിരുന്നില്ല എണ്‍പതുകളിൽ. 1987ല്‍ വടക്കേക്കര നിയമസഭാ മണ്ഡലത്തില്‍ കന്നി മത്സരം. കഷ്ടിച്ച് 57,000 രൂപയോളം പിരിച്ചുണ്ടാക്കി.
ചെലവു വളരെ ചുരുക്കി പ്രചാരണം. പോളിംഗ് കഴിഞ്ഞപ്പോള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പിരിച്ച തുകയില്‍ 10,000 രൂപ മിച്ചം.
‘മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എസ്. ശര്‍മ തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പുകാലം ഓര്‍ത്തെടുക്കുന്നു.
“ബാക്കിവന്ന തുക അന്നത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറി എ.പി. വര്‍ക്കിയെ ഏല്പിച്ചപ്പോള് അദ്ദേഹം അതു സ്വീകരിച്ചില്ല. പകരം പറഞ്ഞതിങ്ങനെ:
ശര്‍മ സഖാവ് അതു കൈയില്‍ വച്ചോ; ഫലം വരുമ്പോള്‍ സ്വീകരണത്തിന് ഉപയോഗിക്കാം.’ എ.പി.യുടെ വാക്ക് പാഴായില്ല. കന്നിമത്സരത്തില്‍ എസ്. ശര്‍മയ്ക്ക് 402 വോട്ടുകളുടെ അട്ടിമറി വിജയം.
കടുത്ത മത്സരത്തില്‍ കോണ്‍ഗ്രസിന്റെ ശക്തനായ സാരഥി എം.ഐ. ഷാനവാസിനെയാണു ശര്‍മ പരാജയപ്പെടുത്തിയത്. അക്കാലത്ത് എ.പി. വര്‍ക്കി പകര്‍ന്നു തന്ന ആത്മവിശ്വാസത്തിന്റെ കരുത്താണ് ഇന്നും തന്റെ പൊതുജീവിതത്തിലെ ഏറ്റവും വലിയ മുതല്‍ക്കൂട്ടെന്നും ശര്‍മ പറയുന്നു.
ഒരിക്കല്‍ സഖാവ് ഇ.കെ. നായനാരുടെ നാവില്‍നിന്നും ആത്മവിശ്വാസം പകരുന്ന വാക്കുകള്‍ ശ്രവിക്കാനിടയായെന്നു ശര്‍മ ഓർക്കുന്നു.
പാര്‍ട്ടി യുവജനപ്രസ്ഥാനത്തിന്റെ നേതാവായ താന്‍ തെരഞ്ഞെടുപ്പുകാലത്ത് നാടാകെ ഓടിനടന്നു പ്രസംഗിക്കുകയാണ്. നായനാര്‍ കൂടി പങ്കെടുക്കുന്ന ഒരു യോഗത്തിലും താന്‍ പ്രസംഗിച്ചു.
പ്രസംഗം കഴിഞ്ഞപ്പോള്‍ നായനാര്‍ മെല്ലെ അടുത്തുവന്നു സരസനായി ഇങ്ങിനെ പറഞ്ഞു. ‘ഈ നടന്നുള്ള പ്രസംഗം നിര്‍ത്തി ഒരിടത്തുനിന്നുകൊണ്ടുള്ള പ്രസംഗം ശീലിക്കൂ. കാരണം നിയമസഭയില്‍ ഇങ്ങിനെ നടന്നു പ്രസംഗിക്കാന്‍ കഴിയില്ല’.
നായനാര്‍ അന്നു തമാശരൂപത്തില്‍ പറഞ്ഞു വാക്കുകളില്‍ എത്രത്തോളം ദീര്ഘവീക്ഷണമുണ്ടായിരുന്നുവെന്ന് 1987 ലെ തെരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും ശര്‍മ ചൂണ്ടിക്കാട്ടി. ശര്‍മയെന്ന പേര് പാരയാകുമെന്ന തോന്നല്‍ 1987 ലെ തെരഞ്ഞെടുപ്പിലുണ്ടായിരുന്നു.
കാരണം അന്നത്തെ ഒരു യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിനിടെ ഒരു നേതാവ് തനിക്കെതിരേ ഉയര്‍ത്തിയ ആരോപണം താന്‍ ഏതോ വടക്കേ ഇന്ത്യക്കാരനാണെന്നും ആഢ്യജാതിക്കാരനാണെന്നുമായിരുന്നു.
പ്രസംഗകന്റെ പരാമര്‍ശം പിറ്റേ ദിവസം ഒരു പത്രത്തില്‍ വാര്‍ത്തയായപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് പോലും ചിരിയടക്കാനായില്ലെന്നു ശര്‍മ പുഞ്ചിരിയോടെ ഓര്‍ക്കുന്നു.
തന്നെ അടുത്തറിയാവുന്ന വടക്കേരക്കാർ തെരഞ്ഞെടുപ്പിൽ എന്നെ നെഞ്ചോടു ചേര്‍ക്കുകയും ചെയ്തു. ആറു തവണ എംഎല്‍എയായിരുന്ന എസ്. ശര്‍മ, രണ്ടു തവണ മന്ത്രിയായി.