ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാൻ സുപ്രീം കോടതി അനുമതി നൽകി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ റോഹിന്‍റൺ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഢ് എന്നിവർ വിഷയത്തിൽ ഒരേനിലപാട് സ്വീകരിച്ചു. ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റീസ് ഇന്ദു മൽഹോത്ര വിഭിന്നമായ വിധിയാണ് പുറപ്പെടുവിച്ചത്.
ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് പ്രായഭേദമില്ല. ശബരിമലയിലെ ആചാരം ഹിന്ദു സ്ത്രീകളുടെ അവകാശം ഹനിക്കുന്നതാണ്. ശാരിരിക അവസ്ഥയുടെ പേരിൽ ഒരിക്കലും വിവേചനം പാടില്ല. വിശ്വാസത്തിന്‍റെ പേരിൽ ഭരണഘടനാ അവകാശം നിഷേധിക്കാനാകില്ലെന്നും സ്ത്രീകളെ ദൈവമായി കണക്കാക്കിയ രാജ്യമാണ് നമ്മുടേതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്‍റെ പേരിൽ അടിച്ചേൽപ്പിക്കാനാകില്ല. സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരം താഴ്ത്തുന്നതിന് തുല്യമാണ്. വിശ്വാസത്തിൽ തുല്യതയാണ് വേണ്ടത്. സ്ത്രീകൾക്കെതിരേയുള്ള വിവേചനത്തെ ഭരണഘടന അംഗീകരിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, ആഴത്തിലുള്ള വിശ്വാസങ്ങളിൽ സുപ്രീം കോടതി ഇടപെടരുതെന്നും, അയ്യപ്പ ഭക്തരെ പ്രത്യേക മതവിഭാഗക്കാരായി കാണണമെന്നുമാണ് വിഭിന്നമായ വിധി പുറപ്പെടുവിച്ച ഇന്ദു മൽഹോത്രയുടെ നിരീക്ഷണം.
പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യംഗ് ലോയേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ചരിത്ര വിധിയുണ്ടായിരിക്കുന്നത്. സ്ത്രീകൾക്കു പ്രവേശനം അനുവദിക്കണമെന്ന നിലപാടാണ് സുപ്രീം കോടതിയിൽ അവസാനമായി സംസ്ഥാന സർക്കാർ അറിയിച്ചിരുന്നത്.