പുതുമുഖങ്ങളെ അണിനിരത്തി നജീം കോയ സംവിധാനം ചെയ്ത് ആഗസ്റ്റ് സിനിമാസ് പുറത്തിറക്കിയ ത്രില്ലര്‍ ജോണറിലുള്ള ചിത്രമാണ്, ‘കളി’. കൊച്ചി നഗരത്തിന്റെ താഴേത്തട്ടില്‍ ജീവിക്കുന്ന ഒരു പറ്റം യുവാക്കളെ ചുറ്റിപ്പറ്റിയുള്ള കഥ പറയുന്ന ചിത്രം. ഷോപ്പിംഗ് മാളുകളുടെ ട്രയല്‍ റൂമില്‍ കയറി വസ്ത്രങ്ങള്‍ മാറി മാറിയിട്ട് സെല്‍ഫി എടുത്ത് സന്തോഷിക്കുന്ന, ചെത്തി നടക്കാന്‍ കൊതിക്കുന്ന, അല്ലറ ചില്ലറ മോഷണങ്ങള്‍ ഒക്കെ നടത്തുന്ന കൂട്ടുകാരായ അഞ്ചു ചെറുപ്പക്കാര്‍. കൊച്ചിയിലെ മുന്തിയ ഒരു വില്ലയില്‍ അവര്‍ നടത്തുന്ന മോഷണവും തുടര്‍ന്നുണ്ടായ ഉദ്വേഗഭരിതമായ സംഭവങ്ങളുമാണ് കളി എന്ന തന്റെ കന്നി സംവിധാനസംരഭത്തില്‍, അപൂര്‍വരാഗം, ഷെര്‍ലക് ടോംസ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്ന, നജീം കോയ പറഞ്ഞു വയ്ക്കുന്നത്.
എന്നാല്‍, സിനിമ കണ്ടിറങ്ങിയവരെല്ലാം പിന്നീട് അന്വേഷിച്ച ഒരു കാര്യമുണ്ട്. ട്രെയിലര്‍ ഇറങ്ങിയതു മുതല്‍ തങ്ങളുടെ കണ്ണുടക്കിയ, ചിത്രത്തില്‍ ട്വിസ്റ്റ് കൊണ്ടുവരുന്ന, മിടുമിടുക്കന്മാരായ രണ്ട് നായകളെക്കുറിച്ച്. അവരുടെ പ്രകടനം പലരുടെയും കണ്ണില്‍നിന്നു മായുന്നില്ല. ഇന്റര്‍വെല്ലിന് തൊട്ടുമുമ്പുള്ള സീനില്‍ അഭിനേതാക്കളെയും ഒപ്പം പ്രേക്ഷകരെയും മുള്‍മുനയില്‍ നിര്‍ത്തിയ രണ്ടു ശ്വാനവീരന്മാര്‍. 23 മിനിറ്റുള്ള സീന്‍ നമ്പര്‍ മുപ്പത്തിയൊന്നില്‍ താരങ്ങള്‍ ഈ നായ്ക്കളായിരുന്നു. അവരുടെ മെയ്‌വഴക്കവും വീരശൂരപരാക്രമങ്ങളുമായിരുന്നു… ഞെട്ടിക്കുന്ന പ്രകടനത്തിലൂടെ മലയാളി പ്രേക്ഷകരെ കൈയിലെടുത്ത ശ്വാനവീരന്മാരെക്കുറിച്ചുള്ള വിശേഷങ്ങള്‍ അവരുടെയും പാലാ മേവിടയിലെ സാജന്‍ ഡോഗ് ട്രെയിനിംഗ് സ്‌കൂളിന്റെയും ഉടമയായ സാജന്‍ സജി സിറിയക് രാഷ്ട്രദീപികഡോട്ട്‌കോമിലൂടെ പ്രേക്ഷകരോട് പങ്കുവയ്ക്കുന്നു…
സിനിമയില്‍ എത്തിയത്?
ഡോഗ് ട്രെയിനിംഗിന്റെയും മറ്റു ഷോകളുടെയും വീഡിയോകളും ഫോട്ടോകളും ഞാന്‍ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാറുണ്ട്. അതു കണ്ടിട്ടാണ് സംവിധായകന്‍ നജീം കോയ വിളിക്കുന്നത്. വിളിച്ചപ്പോഴേ സമ്മതം അറിയിക്കുകയായിരുന്നു.
മെക്ലിനും നാസും സിനിമയില്‍?
യഥാക്രമം ഒന്നരയും മൂന്നുമാണ് മെക്ലിന്റെയും നാസിന്റെയും പ്രായം. മെക്ലിന്‍ ഡോബര്‍മാനും നാസ് ബെല്‍ജിയന്‍ മലിനോയിസ് ഇനത്തിലും പെട്ട നായ്ക്കളാണ്. 2015ല്‍ ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സുരക്ഷാ സ്‌ക്വാഡിനൊപ്പമുണ്ടായിരുന്ന നായകളില്‍ ഒന്ന് ബെല്‍ജിയന്‍ മലിനോയിസ് ബ്രീഡിലുള്ളതായിരുന്നു. ഒബീഡിയന്‍സിനും പ്രൊട്ടക്ഷനും പേരുകേട്ട നായ ഇനമാണ് ഇവ രണ്ടും. സിനിമയ്ക്കുവേണ്ടിത്തന്നെ സംവിധായകന്‍ ആവശ്യപ്പെട്ടതനുസരിച്ച് ആറു മാസത്തെ പ്രത്യേക ട്രെയിനിംഗ് രണ്ടു പേര്‍ക്കും നല്കിയിരുന്നു.
ഷൂട്ടിംഗ് അനുഭവങ്ങള്‍?
കൊച്ചിയിലായിരുന്നു ഷൂട്ടൊക്കെ. സംവിധായകനെയും സെറ്റിലെ മറ്റുള്ളവരെയും അറിയിച്ചില്ലെങ്കിലും ഷൂട്ടിംഗ് സമയത്ത് ഞാന്‍ നല്ല ടെന്‍ഷനിലായിരുന്നു. അഭിനേതാക്കളെ ചേസ് ചെയ്യുന്ന രീതിയിലായിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. അതിനാല്‍ അവരെ ആക്രമിക്കുമോ എന്ന ഭയമായിരുന്നു. കാരണം കമാന്‍ഡ് കൊടുത്താല്‍ നായകള്‍ കടുത്ത ആക്രമണം നടത്തും. ഭാഗ്യത്തിന് കൃത്യമായി കമാന്‍ഡുകള്‍ കൊടുക്കാനും അനുസരിപ്പിക്കാനും സാധിച്ചു. സെറ്റില്‍ ഷൂട്ടില്ലാത്ത സമയത്തും ഞാന്‍ അവരുടെ കൂടെ തന്നെയുണ്ടായിരുന്നു. അപരിചിതരെ അടുപ്പിക്കുന്ന സ്വഭാവമല്ലാത്തതിനാല്‍ കൗതുകം തോന്നി അടുത്തെത്തുന്നവരെ ചിലപ്പോള്‍ ആക്രമിച്ചേക്കാം.
പിള്ളേര്‍ മാത്രമല്ലല്ലോ സാജനും സിനിമയില്‍ തിളങ്ങിയല്ലോ?
ഫോട്ടോഗ്രഫിയാണ് പ്രൊഫഷന്‍. സ്റ്റുഡിയോയും നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ കാമറയും ഷൂട്ടുമൊന്നും പുതുമയായി തോന്നിയില്ല. ഭംഗിയായി ചെയ്‌തെന്നാണ് വിശ്വാസം. പോലീസ് ഓഫീസറുടെ റോള്‍ ആയിരുന്നു. നിരവധിയാളുകള്‍ അഭിനന്ദനമറിയിച്ച് വിളിക്കുകയും മെസേജ് അയക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. സിനിമ പാഷനാണ്. ഡോഗ് ട്രെയിംനിംഗും അതുമായി ബന്ധപ്പെട്ട പ്രകടനങ്ങളും സിനിമയിലേയ്ക്കുള്ള വഴിയായാണ് കണക്കാക്കിയിട്ടുള്ളത്. വ്യത്യസ്തമായ വേഷങ്ങളിലൂടെ സിനിമയില്‍ തുടരുക എന്നത് തന്നെയാണ് വലിയ ആഗ്രഹം.
മറ്റ് സിനിമകള്‍?
പീറ്റര്‍ എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ചില തടസങ്ങള്‍ കാരണം ചിത്രം റീലീസ് ചെയ്തിട്ടില്ല. കളി്ക്കുശേഷം ഡയറി മില്‍ക്ക് എന്ന ചിത്രത്തിലും അഭിനയിച്ചു. അതും ചിത്രീകരണം കഴിഞ്ഞ് റിലീസിനായി ഒരുങ്ങിയിരിക്കുന്ന ചിത്രമാണ്. നടന്‍ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടെലിഫിലിമുകളും ഷോര്‍ട്ട്ഫിലിമുകളിലും അഭിനയിച്ച പരിചയമാണ് സിനിമയിലെത്തിയപ്പോള്‍ ഗുണം ചെയ്തത്.
ഡോഗ് ട്രെയിംനിഗ് സ്‌കൂളിനെക്കുറിച്ച്?
ചെറുപ്പം മുതല്‍ നായ്ക്കളോടുള്ള സ്‌നേഹമാണ് ഈ മേഖലയിലേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. അങ്ങനെയാണ് സാജന്‍ ഡോഗ് ട്രെയിനിംഗ് സ്‌കൂള്‍ എന്ന നായപരിശീലനകേന്ദ്രം തുടങ്ങിയത്. ബിഎസ്എഫ് അക്കാദമിയില്‍ പരിശീലകനായിരുന്ന കെ. പി. സഞ്ജയന്റെ കീഴിലാണ് നായകളെ ട്രെയിന്‍ ചെയ്യുന്നതിനുള്ള പരിശീലനം നേടിയത്. പിന്നീട് കാലാകാലങ്ങളില്‍ പുതിയ പരിശീലനമുറകള്‍ വിദഗ്ധ പരിശീലകരുടെ കീഴില്‍ അഭ്യസിക്കാറുമുണ്ട്.
കുടുംബം?
എല്ലാക്കാര്യത്തിലും പിന്തുണ നല്കുന്നത് കുടുംബാംഗങ്ങള്‍ തന്നെയാണ്. അമ്മയും ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് കുടുംബം.
കീര്‍ത്തി കാര്‍മല്‍ ജേക്കബ്