ശബരിമല: പതിനെട്ടാംപടിയിലെ തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്ക്കെതിരേ ഉയരുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിന് ഉന്നത ഉദ്യോഗസ്ഥര്‍.
മകരവിളക്ക് ദിവസം അടുത്തെത്തുന്നതോടെ തിരക്ക് വര്‍ധിക്കും. ഈ ദിവസങ്ങളിലെല്ലാം വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് 80,000 ലെത്തിയിട്ടുണ്ട്. ഒരുലക്ഷത്തോളം ആളുകള്‍ പ്രതിദിനം എത്തുന്നതായാണ് കണക്ക്.
മിനിട്ടില്‍ 65 – 70 പേരെയാണ് ഇപ്പോള്‍ പതിനെട്ടാംപടി കയറ്റിവിടുന്നത്. ഇത് പരമാവധിയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അപ്പോഴും തിരക്ക് മരക്കൂട്ടത്തിനപ്പുറത്തേക്ക് നീളുന്നുണ്ട്.
മരക്കൂട്ടം മുതല്‍ പതിനെട്ടാംപടി വരെ എത്താന്‍ 14 മണിക്കൂര്‍ വരെ ക്യൂ നില്‍ക്കേണ്ട സാഹചര്യമുണ്ട്. തീര്‍ഥാടകരെ നിയന്ത്രിച്ചു വിടുന്നതിനാലാണിത്.
പമ്പയിലും നാലു മണിക്കൂറോളം തീര്‍ഥാടകരെ തടഞ്ഞുവയ്ക്കുന്നുണ്ട്. മലകയറ്റം മണിക്കൂറുകള്‍ നീളുന്നതോടെ തീര്‍ഥാടകരുടെ യാത്രാ ക്രമീകരണങ്ങള്‍ തന്നെ താളംതെറ്റുന്നുണ്ട്.
കാനനപാത വഴി കാല്‍നടയായി എത്തുന്നവരുടെ എണ്ണവും കൂടി. വരുംദിവസങ്ങളില്‍ എണ്ണം കൂടുമെന്നതിനാല്‍ സ്പോട്ട് ബുക്കിംഗ് പത്തുവരെ ഉണ്ടാകൂവെന്ന് അറിയിച്ചിട്ടുണ്ട്.