പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്നു വൈകുന്നേരം അഞ്ചിനു തുറക്കും. ബുധനാഴ്ച്ച പുലർച്ചെ അഞ്ചിനു മഹാഗണപതിഹോമത്തോടെ പതിവു പൂജകൾ ആരംഭിക്കും. 17നു രാത്രിയാണ് നട അടയ്ക്കുന്നത്.
വൻ സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ് സേന ഇന്നലെ ചുമതലയേറ്റു. നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള ഭാഗത്ത് 700 അംഗ പോലീസ് സംഘമാണ് ആദ്യഘട്ടത്തിൽ എത്തിയിരിക്കുന്നത്. സന്നിധാനം, പന്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഓരോ എസ്പിമാരും അവരോടൊപ്പം രണ്ട് ഡിവൈഎസ്പിമാർ വീതവും ചുമതലയേറ്റു. നാലു വീതം സിഐമാരും എല്ലാ സ്ഥലങ്ങളിലും ഡ്യൂട്ടിയിലുണ്ടാകും.
നട തുറന്നിരിക്കുന്ന എല്ലാ ദിവസങ്ങളിലും നിലയ്ക്കൽ മുതൽ സന്നിധാനംവരെയുള്ള ഭാഗത്തു നിരോധനാജ്ഞ വേണമെന്നാവശ്യപ്പെട്ടു പോലീസ് റിപ്പോർട്ട് തിങ്കളാഴ്ച ജില്ലാ പോലീസ് മേധാവി പത്തനംതിട്ട ജില്ലാ കളക്ടർക്കു കൈമാറി. റവന്യു ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് കൂടി പരിഗണിച്ചു തീരുമാനം ഉണ്ടാകും.