പത്തനംതിട്ട: മണ്ഡല, മകരവിളക്കു കാലത്ത് ദർശനത്തിനെത്തുന്നവർ 24 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം കരുതണമെന്ന് നിർദേശം.
അതിനായി ആന്റിജൻ ടെസ്റ്റ് നടത്തിയാൽ മതിയാകുമെന്നും ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ തീർഥാടന ക്രമീകരണങ്ങൾ വിലയിരുത്താൻ ഓണ്‍ലൈനായി ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
കൂടുതൽ കോവിഡ് പരിശോധന കിയോസ്കുകൾ സ്ഥാപിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ എവിടെയാണോ ട്രെയിൻ ഇറങ്ങുന്നത് അതിന് അടുത്തുള്ള പരിശോധനാ കേന്ദ്രത്തിലെത്തി ആന്റിജൻ ടെസ്റ്റ് നടത്തണം. നേരത്തെ 48 മണിക്കൂറിനകം ലഭിച്ച പരിശോധനാ ഫലം മതിയായിരുന്നു.
കോടതി നിർദേശത്തിന്റെയും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നതിന്റെയും ഭാഗമായാണ് 24 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കിയത്. പ്രതിദിനം ആയിരം തീർഥാടകർക്കാണ് വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ദർശനം അനുവദിക്കുക.
മണ്ഡലകാലത്തിന്റെ അവസാന ദിവസവും മകരവിളക്കിനും ദർശനത്തിന് 5000 പേരെ അനുവദിക്കും. ഹൈക്കോടതിയുടെ നിർദേശപ്രകാരം നിലയ്ക്കലിൽ സാമൂഹികാ അകലത്തോടെ വിരി വയ്ക്കാനുള്ള സൗകര്യവും അണുവിമുക്തമാക്കാനുള്ള സൗകര്യവുമൊരുക്കണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി, പിസി ജോർജ് എംഎൽഎ, ജനീഷ് കുമാർ എംഎൽഎ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, ജില്ലാ കളക്ടർ പി.ബി. നൂഹ്, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ, കെഎസ്ആർടിസി, ജലഅഥോറിറ്റി തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്ലാസ്റ്റിക് നിരോധിച്ചു
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന ഇത്തവണത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പുണ്യം പൂങ്കാവനം പദ്ധതിയുടെ കീഴില്‍ വരുന്ന ളാഹ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് സഞ്ചികളും ഉപയോഗിക്കുന്നതും പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നതും നിരോധിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവായി.
വിവിധ ഭാഷകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം
ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ വ്യാപാരികൾ അമിത വില ഈടാക്കി തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായി എല്ലാ ഭക്ഷണശാലകളിലും വിവിധ ഭാഷകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയും ഉത്തരവിറങ്ങി.
ജോലിക്ക് എത്തുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖ, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ വടശേരിക്കര മുതല്‍ പമ്പ വരെയുള്ള സ്ഥലങ്ങളിലെ കടകളില്‍ ജോലിക്കായി എത്തുന്നവര്‍ക്കും മറ്റ് കരാര്‍ ജോലിക്കായി എത്തുന്നവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ നിര്‍ബന്ധമാക്കി.
വഴിയോരങ്ങളില്‍ പാചകം നിരോധിച്ചു
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ പത്തനംതിട്ട മുതല്‍ പമ്പ വരെയുള്ള വഴിയോരങ്ങള്‍, നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ സമീപം ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് 2005-ലെ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടര്‍ നിരോധിച്ചു.
ഇതു സംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ വിവിധ ഭാഷകളില്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും വനംവകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സ്ഥാപിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
മാംസാഹാരം നിരോധിച്ചു
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പ് മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ മാംസാഹാരം പാചകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും കേരള പോലീസ് ആക്ടിലെ വകുപ്പ് 80 പ്രകാരം നിരോധിച്ചു ജില്ലാ കളക്ടര്‍ ഉത്തരവായി.
ഗ്യാസ് സിലിണ്ടറുകള്‍ ശേഖരിച്ചു വയ്ക്കരുത്
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ ളാഹ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളിലെ കടകളില്‍ അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ ഗ്യാസ് സിലിണ്ടറുകള്‍ ശേഖരിച്ചു വയ്ക്കുന്നതും നിരോധിച്ചു. കടകളില്‍ ഒരേസമയം ശേഖരിച്ചു വയ്ക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തുകയും ചെയ്തു.