മലിനജലത്തില്‍ പാത്രം കഴുകുന്നത് മലേഷ്യയിലെ ഒരു ഹോട്ടലില്‍ നടന്നതാണെന്ന് റെയില്‍വേയില്‍ നിന്ന് വിശദീകരണം! പറഞ്ഞത് അബദ്ധമായെന്നും ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞ് തടിതപ്പി നടി ശബാന അസ്മി

ഹോട്ടലിലെ ജോലിക്കാര്‍ മലിനജലത്തില്‍ പാത്രങ്ങള്‍ കഴുകുന്ന വിഡിയോ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ വീഡിയോ ഷെയര്‍ ചെയ്ത് പുലിവാല്‍ പിടിച്ചിരിക്കുകയാണ് നടി ശബാന അസ്മി.

കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയലിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ശബാന ജൂണ്‍ അഞ്ചിന് ഈ വീഡിയോ ട്വീറ്റ് ചെയ്തത്. പീയുഷ് ഗോയല്‍ ദയവു ചെയ്ത് ഇതൊന്ന് കാണൂ എന്നാണ് വീഡിയോയ്‌ക്കൊപ്പം ശബാന ട്വീറ്റ് ചെയ്തത്. നിരവധിയാളുകള്‍ ചിത്രത്തെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ വിഡിയോയിലെ സംഭവം ഇന്ത്യയില്‍ നടന്നതല്ല, മറിച്ച് മലേഷ്യയിലെ ഒരു ഹോട്ടലില്‍ നടന്നതാണെന്നാണ് റെയില്‍വെ മന്ത്രി ശബാനയ്ക്ക് നല്‍കിയ മറുപടി. ക്വാലാലംപൂരില്‍ രാജ്സ് ബനാന റെസ്റ്റോറന്റ് എന്ന ഹോട്ടലിനെ കുറിച്ച് വന്ന വാര്‍ത്തയുടെ ലിങ്കും മന്ത്രാലയം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതോടെയാണ് തനിക്ക് അമളിപിണഞ്ഞ കാര്യം ശൂാനയ്ക്ക് മനസിലായത്. മന്ത്രാലയത്തിന്റെ മറുപടി വന്നതോടെ ശബാന ക്ഷമാപണം നടത്തുകയും ചെയ്തു. വിശദീകരണത്തിന് നന്ദി. ഞാന്‍ അത് തിരുത്തുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. ശബാന ട്വീറ്റ് ചെയ്തു.

എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ശബാനയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്ത് വരുന്നത്. കാര്യങ്ങള്‍ വേണ്ടത്ര മനസിലാക്കാതെ കുറ്റപ്പെടുത്തലുകളും വിമര്‍ശനങ്ങളും ഉയര്‍ത്തുന്നത് ശരിയല്ലെന്നും താങ്കളെപ്പോലുള്ളവര്‍ ഇത്തരം കാര്യങ്ങളില്‍ വ്യക്തതയില്ലാതെ ഓരോന്ന് പറയാന്‍ തുടങ്ങിയാല്‍ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നും പലരും ചോദിക്കുന്നുണ്ട്.

Related posts