അന്പലപ്പുഴ: മാനസികനില തെറ്റിയതിനെതുടർന്ന് നാടുവിട്ട തമിഴ്നാട് സ്വദേശിനിയെതേടി ഭർത്താവെത്തി. ആറുമാസം മുന്പ് വീടുവിട്ടിറങ്ങിയ തമിഴ്നാട് ചെന്നൈ സ്വദേശിനി ശബാന ഫാത്തിമ(45)യാണ്നാടും വീടുംവിട്ട് എറണാകുളം ഇടപ്പള്ളിയിൽ എത്തിയത്.
ഇവിടെവെച്ച് ശ്വാസതടസം നേരിട്ടതിനെതുടർന്ന് നാട്ടുകാർ ആലപ്പുഴ മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആരോരുമില്ലാത്തവർക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്യാനെത്തിയ അന്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എം. കബീർ, പൊതുപ്രവർത്തകനായ നിസാർ വെള്ളാപ്പള്ളി എന്നിവർ ഇവരുടെ ദയനീയാവസ്ഥ കണ്ട് തമിഴ്നാട് കെഎംസിസി പ്രവർത്തകരെ വിവരമറിയിച്ചു.
ഇവരുടെ ശ്രമഫലമായി ഭർത്താവ് മുജീബ് റഹ്മാനെ കണ്ടെത്തി. തുടർന്ന് കെഎംസിസി പ്രവർത്തകരുടെ സഹായത്താൽ മുജീബ് റഹ്മാൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി ഭാര്യ ഷബാനഫാതിമയെ ഏറ്റെടുത്തു സ്വദേശത്തേക്ക് കൊണ്ടുപോയി.
യു.എം. കബീർ, നിസാർ വെള്ളാപ്പള്ളി ഹെഡ്നഴ്സ് സിസിമോൾ, സ്റ്റാഫ് നഴ്സുമാരായ ഹസീന, ലിബിന, ശിൽപശിശുപാലൻ എന്നിവർ ചേർന്ന് ഇവരെ യാത്രയാക്കി. ഒരുമാസക്കാലം തന്നെ സഹായിച്ച പൊതുപ്രവർത്തകർക്കും ആശുപത്രി ജീവനക്കാർക്കും നന്ദിപറഞ്ഞ് ശബാന ഭർത്താവുമൊത്ത് മടങ്ങി.