ചാവക്കാട്: കനോലി കനാലിലേക്കു ചാടിയ യുവതിയെ ബൈക്ക് യാത്രികൻ രക്ഷിച്ചു. താലൂക്ക് ആശുപത്രിയുടെ സമീപത്തെ ചലിക്കുന്ന പാലത്തിൽ നിന്നു കനാലിലേക്കു ചാടിയ യുവതിയെയാണ് ബൈക്ക് യാത്രികനായ ശബരീശൻ രക്ഷിച്ചത്.
കച്ചവട ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങി ഭാര്യ ശരണ്യയുമായി തിരികെ വരികയായിരുന്നു ശബരീശൻ. പാലത്തിനു സമീപത്തേയ്ക്ക് ആളുകൾ ഓടുന്നതു കണ്ട ശബരീശൻ ബൈക്ക് നിർത്തി ഇറങ്ങി ചെന്നപ്പോഴായിരുന്നു കനാലിൽ യുവതി മുങ്ങി താഴുന്നതു കണ്ടത്.
ഉടൻ തന്നെ കനാലിൽ ചാടി യുവതിയെ രക്ഷിക്കുകയായിരുന്നു. നാട്ടുകാർ ഓട്ടോ വിളിച്ചു യുവതിയെ ആശുപത്രിയിൽ എത്തിച്ചു. ഗുരുവായൂർ മമ്മിയൂർ മൂപ്പൻ കോളനിയിൽ മുത്തേടത്ത് ശബരീരൻ നല്ലൊരു നീന്തൽ താരമാണ്. കേരളോത്സവം ജില്ലാ മത്സരത്തിൽ നീന്തലിന് സമ്മാനം ലഭിച്ചിട്ടുണ്ട്.
യുവതിയെ രക്ഷിച്ച ശബരീശന് അഭിനന്ദനമറിയിക്കാൻ ധാരാളം ആളുകൾ വീട്ടിലെത്തി.മുൻ നഗരസഭ ചെയർപേഴ്സണ്‍ പ്രഫ.പി.കെ.ശാന്തകുമാരി വീട്ടിലെത്തി പൊന്നാട ചാർത്തി അഭിനന്ദിച്ചു.
നഗരസഭ ആക്ടിംഗ് ചെയർമാൻ അഭിലാഷ് ചന്ദ്രനും കൗണ്‍സിലർമാരും വീട്ടിലെത്തി ശബരീശനെ അഭിനന്ദിച്ചു.