‘പുലികാടുകയറിയത് ആർക്കുവേണ്ടി ? ശബരി എക്സ്പ്രസുകൾ ഡിപ്പോയ്ക്ക് പുറകിൽ കാടുകയറി നശിക്കുന്നു

puliksrtc-lകോട്ടയം: വനത്തിന്റെ പശ്ചാത്തലത്തില്‍ പുലിയുടെ ചിത്രം പതിച്ച കെഎസ്ആര്‍ടിസിയുടെ പുതുപുത്തന്‍ ശബരി എക്‌സ്പ്രസുകള്‍ കാട്ടില്‍ വെറുതെകിടക്കുന്നു. ശബരിമല തീര്‍ഥാടകരുടെ സുഖയാത്രയ്ക്ക് പുഷ് ബാക്ക് സീറ്റുകളും വൈ ഫൈ സൗകര്യവുമായി പുറത്തിറക്കിയ ബസുകള്‍ മണ്ഡലകാലം കഴിയുന്‌പോള്‍ മറ്റ് റൂട്ടുകളില്‍ ഓടിക്കുമെന്നായിരുന്നു പ്രഖ്യാപനം.

പുലിമുരുകനെന്ന ഓമനപ്പേരില്‍ 10 ബസുകളാണ് വിവിധ ഡിപ്പോകളിലേക്ക് രണ്ടു മാസം മുന്‍പ് നിര്‍മിച്ചു നല്‍കിയത്. ജനുവരി 16ന് സീസണ്‍ അവസാനിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും ശബരി ബസുകള്‍ക്ക് പുതിയ സര്‍വീസ് തുടങ്ങാനായിട്ടില്ല. കോട്ടയത്ത് രണ്ട് ശബരി എക്‌സ്പ്രസുകള്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപം പിഡബ്ല്യുഡി ഓഫീസ് പരിസരത്ത് വെറുതെ കിടക്കുകയാണ്.

മറ്റൊരു ബസ് കഴിഞ്ഞ ദിവസം എറണാകുളം ഡിപ്പോയിലേക്കു കൊണ്ടുപോയി അവിടെ വിശ്രമിക്കുന്നു. കേരളത്തിനു പുറത്തുള്ള റൂട്ടുകളില്‍ ഓടാന്‍ പ്രത്യേകം പെര്‍മിറ്റ് വേണമെന്നാണ് ചട്ടം. കേരളത്തില്‍ ദീര്‍ഘദൂര സര്‍വീസ് നടത്താന്‍ പ്രത്യേകം പെര്‍മിറ്റ് വേണ്ടാത്ത സാഹചര്യത്തില്‍ ദിവസം ഇരുപതിനായിരം രൂപയോളം വരുമാന സാധ്യതയുള്ള ബസുകള്‍ വെറുതെയിടുന്നത് സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണെന്ന് യാത്രക്കാര്‍ പറയുന്നു.

മലബാര്‍, തിരുവനന്തപുരം, മൂന്നാര്‍, തേക്കടി റൂട്ടുകളില്‍ നല്ല തിരക്കുണ്ടായിട്ടും വെറുതെ കിടന്നു ശബരി ബസുകള്‍ നശിക്കുന്നത് ചില ജീവനക്കാരുടെ അനാസ്ഥകൊണ്ടാണെന്നു ഒരു വിഭാഗം തൊഴിലാളികളും പറയുന്നു

Related posts