ജെവിന്‍ കോട്ടൂര്‍
കോട്ടയം: ശബരിമല തീര്‍ഥാടകര്‍ക്കു കെഎസ്ആര്‍ടിസിയുടെ പ്രത്യേക സമ്മാനം. പമ്പ യാത്രയ്ക്കു മാത്രമായി ശബരി എക്സ്പ്രസുകള്‍ കെഎസ്ആര്‍ടിസി ഉടന്‍ നിരത്തിലിറക്കും. പതിവു ശബരിമല സീസണുകളില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ ശബരി എക്സ്പ്രസ് എന്ന പേരില്‍ പ്രത്യേക ബസാണു ബോഡി ചെയ്തു നിരത്തിലിറക്കുന്നത്. ബസുകളുടെ പെയിന്റിംഗ് ഉള്‍പ്പെടെയുള്ള അവസാനവട്ട മിനുക്കു പണികള്‍ മാവേലിക്കരയിലെ മേജര്‍ വര്‍ക്ക്ഷോപ്പില്‍ നടന്നുവരുന്നു. നിലവിലെ എക്സ്പ്രസ് ബസുകളില്‍ വെള്ളയും പച്ചയും കറുപ്പും നിറങ്ങള്‍ പ്രത്യേകമായ രീതിയില്‍ ചേര്‍ത്തു കാനന പാതയുടെയും പുലിയുടെയും ചിത്രവും ഉള്‍പ്പെടുത്തിയാണു ബസിനു നിറം നല്‍കിയിരിക്കുന്നത്.
കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലാദ്യമായിട്ടാണു ശബരിമല സീസണ് കാലത്തു ശബരി എക്സ്പ്രസ് എന്ന പേരില്‍ പ്രത്യേക ബസുകള്‍ പുറത്തിറക്കുന്നത്. ടൂറിസ്റ്റ് ബസുകളോടു കിടപിടിക്കുന്ന രീതിയിലുള്ള ബസുകളാണ് ശബരി എക്സ്പ്രക്സ്. റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ശബരി എക്സ്പ്രസ് ബസുകള്‍ സര്‍വീസ് നടത്തുക. എക്സ്പ്രസ് ബസുകളുടെ നിരക്കായിരിക്കും ഈടാക്കുക. കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്ന ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നായിരിക്കും തുടക്കത്തില്‍ ബസ് സര്‍വീസ് തുടങ്ങുക.
അടുത്ത ഘട്ടത്തില്‍ കോട്ടയം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും ശബരി ബസ് സര്‍വീസ് നടത്തും. അതേസമയം എന്നു മുതലാണ് കെഎസ്ആര്‍ടിസിയുടെ ശബരിബസുകള് സര്‍വീസ് ആരംഭിക്കുകയെന്ന കാര്യത്തില്‍ വ്യക്തത നല്കാന് അധികൃതര്‍ തയാറായിട്ടില്ല. ശബരിമല സീസണ് പൂര്‍ത്തിയായശേഷവും ഈ ബസുകള്‍ പ്രത്യേക റൂട്ടുകളില്‍ നിന്നും പമ്പയിലേക്കു സര്‍വീസ് നടത്തും.