കൊല്ലം: കൊച്ചുവേളിയിൽനിന്ന് ലോകമാന്യ തിലക് ടെർമിനസിലേയ്ക്കും തിരികെയുമുള്ള ഗരീബ് രഥ് ട്രെയിനുകളിൽ കൊച്ചുകളുടെ എണ്ണം വർധിച്ചു. ഇതോടെ ഈ ട്രെയിനിൽ ഒരു ദിശയിൽ തന്നെ 500 ബർത്തുകളുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഈ മേഖലയിൽ ആവശ്യത്തിന് ടിക്കറ്റ് ലഭിക്കാതെ വലയുന്ന മുംബൈയിലെ മലയാളി സമൂഹത്തിന് കോച്ചുകളുടെ എണ്ണം കൂട്ടിയത് വലിയ ആശ്വാസത്തിന് വക നൽകുന്ന കാര്യമാണ്.
ആഴ്ചയിൽ രണ്ടു വീതം സർവീസ് ഉള്ള ഈ ഗരീബ് രഥ് എക്സ്പ്രസ് കഴിഞ്ഞ ദിവസം മുതൽ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള എൽഎച്ച്ബി കോച്ചുകളിലേയ്ക്ക് മാറുകയുണ്ടായി.നേരത്തേ 11 ഐസിഎഫ് തേർഡ് ഏസി കോച്ചുകളാണ് ഗരീബ് രഥിൽ ഉണ്ടായിരുന്നത്. എൽഎച്ച്ബിയിലേക്ക് ഇവ മാറിയപ്പോൾ 16 തേർഡ് ഏസി കോച്ചുകളായി എണ്ണം ഉയർത്തപ്പെട്ടു.
നിലവിൽ ഉണ്ടായിരുന്ന രണ്ട് ഏസി ചെയർ കാറുകൾ മൂന്നായും വർധിപ്പിച്ചിട്ടുണ്ട്. അങ്ങനെയാണ് ഓരോ സർവീസിലും ബർത്തുകളുടെ എണ്ണം 500-ൽ അധികമായി വർധിച്ചത്. ആധുനിക കോച്ചുകളിലെ മെച്ചപ്പെട്ട സൗകര്യങ്ങളും കൂടുതൽ ബർത്തുകളും കൂടിയാകുമ്പോൾ ഈ റൂട്ടിലെ യാത്രികർക്ക് ഇനി ആശ്വാസ യാത്ര നടത്താനാകും.
കൊങ്കൺ പാതയിലൂടെ കോട്ടയം വഴിയാണ് ഈ ഗരീബ് രഥിൻ്റെ സഞ്ചാരം. മഹാരാഷ്ട്രയിൽ സ്റ്റോപ്പുള്ളത് കുർള, താനെ, പൻവേൽ, രത്നഗിരി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. എല്ലാം ഏസി കോച്ചുകൾ മാത്രമായ ഈ ഗരീബ് രഥ് എക്സ്പ്രസിൽ കൊച്ചുവേളിയിൽ നിന്ന് എൽടിടിയിലേയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 1290 രൂപയാണ്.
12201 എൽടിടി – കൊച്ചുവേളി എക്സ്പ്രസ് തിങ്കൾ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 4.45 ന് എൽടിടിയിൽ നിന്ന് പുറപ്പെട്ട് ചൊവ്വ, ശനി ദിവസങ്ങളിൽ രാത്രി 10.45 ന് കൊച്ചുവേളിയിൽ എത്തും. കൊച്ചുവേളി – എൽടിടി ഗരീബ് രഥ് (12202) വ്യാഴം, ഞായർ ദിവസങ്ങളിൽ കൊച്ചുവേളിയിൽ നിന്ന് രാവിലെ 7.45 ന് യാത്ര തിരിച്ച് വെള്ളി, തിങ്കൾ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.40 ന് എത്തുന്നതാണ് സമയക്രമം. മൺസൂൺ ടൈംടേബിൾ പ്രകാരം കൊങ്കൺ പാത വഴി കടന്നുപോകുന്ന ട്രെയിനുകളുടെ സമയത്തിൽ നേരിയ മാറ്റം റെയിൽവേ വരുത്തിയിട്ടുമുണ്ട്.
എസ്.ആർ. സുധീർ കുമാർ