കൊച്ചി: ശബരി റെയില്‍വേ പദ്ധതി നടപ്പാക്കുന്നതില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിലപാടില്‍ നിന്ന് പിന്നാക്കം പോകില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാല്‍ പദ്ധതിയെ സംബന്ധിച്ച് കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു.
രണ്ടു പതിറ്റാണ്ടിലധികമായി ശബരി റെയില്‍വേ പദ്ധതിയില്‍ തുടരുന്ന അനിശ്ചിതത്വത്തിനെതിരേ സംയുക്ത സമര സമിതി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ വേണ്ട ഇടപെടലുകളെക്കുറിച്ച് വിശദമായി പഠിച്ചശേഷം നിലപാട് വ്യക്തമാക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പദ്ധതിയുടെ ആവശ്യകത വ്യക്തമാക്കികൊണ്ടുള്ള നിവേദനവും സമര സമിതി മുഖ്യമന്ത്രിയ്ക്ക് നല്കി. പദ്ധതി അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് സമര സമിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. അത്തരം ആക്ഷേപങ്ങളുണ്ടെങ്കില്‍ സര്‍ക്കാര്‍ അതുപരിശോധിക്കുമെന്ന് മുഖ്യമന്ത്രി നേതാക്കള്‍ക്ക് ഉറപ്പു നല്കി.
ശബരി വിമാനത്താവളത്തിനൊപ്പം റെയില്‍വേ പദ്ധതിയും നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വികസന രൂപീകരണവും ഈ മാസം കോട്ടയത്ത് നടക്കും. ഹൈക്കോടതി മുന്‍ ജസ്റ്റീസ് ബി. കെമാല്‍ പാഷയുള്പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ചേരുന്ന മഹാസമ്മേളനത്തില്‍ തുടര്‍ പ്രക്ഷോഭ പരിപാടികളെക്കുറിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും.
എങ്ങുമെത്താതെ കേവലം എട്ടു കിലോമീറ്ററോളം മാത്രം പൂര്‍ത്തീകരിക്കപ്പെട്ട് ഇഴഞ്ഞു നീങ്ങുന്ന ശബരി റെയില്‍വേ പദ്ധതിക്കും സര്‍ക്കാര്‍ മുന്‍ഗണന നല്കണന നല്‍കണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.
നിലവില്‍ അങ്കമാലിയില്‍ നിന്ന് തുടങ്ങി എരുമേലി വരെ 14 സ്റ്റേഷനുകളാണ് ശബരി റെയില്‍വേ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ പദ്ധതിയുടെ ആദ്യ സര്‍വേ പ്രകാരം റാന്നി പത്തനംതിട്ട കോന്നി പത്തനാപുരം പുനലൂര്‍ കുളത്തൂപ്പുഴ, നെടുമങ്ങാട് മുതല്‍ പാലോട് തിരുവനന്തപുരം വരെ പദ്ധതി നീട്ടുകയാണെങ്കില്‍ മലയോര മേഖലയെ ഒന്നാകെ റെയില്‍വേയിലൂടെ ബന്ധിപ്പിക്കാന്‍ സാധിക്കും.
21 വര്‍ഷങ്ങള്‍ക്ക് മുന്‍പേ പദ്ധതിയിട്ട ശബരി റെയില്‍വേ ഇതുവരയെും യാഥാര്‍ഥമായിട്ടില്ല. ഈ സാഹചര്യത്തില്‍ വിമാനത്താളവത്തിനും ഈ പ്രതിസന്ധിയുണ്ടാകരുതെന്നതിനാലാണ് മലയോര വികസനം മുന്‍നിര്‍ത്തി വികസന ഫോറം രൂപീകരിക്കുന്നത്. ഇതിന് മുന്നോടിയായാണ് ശബരി റെയില്‍വേയുടെ സംയുക്ത സമര സമിതി മുഖ്യമന്ത്രിയെ കാണുകയും വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ടും നിവേദനം നല്‍കുകയും ചെയ്തത്.