കോട്ടയം: ശബരി റെയിൽവേ പദ്ധതി വിസ്മൃതിയിലേക്ക്. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു തുറന്ന പാലാ, പെരുന്പാവൂർ, മൂവാറ്റുപുഴ ഓഫീസുകൾ പൂട്ടാൻ റെയിൽവേ ഉത്തരവിട്ടു. ഇവിടെ നിയമിച്ച സ്പെഷൽ തഹസീൽദാർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ മറ്റ് ഓഫീസുകളിലേക്ക് മാറ്റുകയും ചെയ്തു. പ്രദേശത്തെ വികസനത്തിനു പിന്നോട്ടടിക്കുന്ന തീരുമാനമാണു ഇപ്പോൾ ഉയരുന്നത്.
അങ്കമാലി മുതൽ എരുമേലി വരെ 115 കിലോമീറ്റർ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകുകയും പകുതി ചെലവ് വഹിക്കുകയും വേണമെന്ന റെയിൽവേയുടെ നിർദേശം പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണ് പദ്ധതി മുടങ്ങുന്നത്. 21 വർഷം മുൻപ് അനുമതി ലഭിച്ച പദ്ധതി 2010ൽ പൂർത്തിയാകേണ്ടതായിരുന്നു. രണ്ടാം ഘട്ടമായി ശബരി പാത ചെങ്ങന്നൂരിലേക്ക് ദീർഘിപ്പിക്കാനും പദ്ധതിയിട്ടിരുന്നു. സംസ്ഥാന സർക്കാരിന്റെ അനാസ്ഥമൂലമാണ് പാത നടപ്പാകാതെ വന്നതെന്നും വർധിച്ച ചെലവ് കേരളം വഹിക്കണമെന്നുമാണ് കേന്ദ്ര നിലപാട്.
ശബരിമല തീർഥാടകർക്കും ഇടുക്കി ഉൾപ്പെടെ ജില്ലക്കാർക്കും പ്രയോജനപ്പെടുന്ന പദ്ധതിയിൽ കോട്ടയം ജില്ലയിലെ റൂട്ട് നിശ്ചയിക്കാൻ പോലും സാധിച്ചിട്ടില്ല. അങ്കമാലിയിൽ തുടങ്ങി കാലടി, പെരുന്പാവൂർ, ഓടാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, പാലാ, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി വഴി എരുമേലിയിലേക്കുള്ള റൂട്ടിൽ എട്ടു കിലോമീറ്റർ മാത്രമാണ് പാത പൂർത്തിയായത്. അങ്കമാലിയിൽ തുടങ്ങി എരുമേലി വരെ 14 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരുന്നത്.
52 പാലങ്ങൾ ഉൾപ്പെടെ പദ്ധതിക്ക് അനുമതി നൽകുന്പോൾ 550 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്.
സ്ഥലമേറ്റെടുക്കൽ വൈകിയതോടെ ചെലവ് 1566 കോടിയായും 2018ൽ എസ്റ്റിമേറ്റ് പുതുക്കിയപ്പോൾ 2815 കോടിയായും ഉയർന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിച്ചെലവിൽ പകുതി സംസ്ഥാനം വഹിക്കണമെന്ന നിർദേശം റെയിൽവേ മുന്നോട്ടു വച്ചത്.
എറണാകുളം ജില്ലയിൽ മാത്രം 204 ഹെക്ടർ ഭൂമിയാണ് ശബരി റെയിൽവേക്ക് വേണ്ടിവരിക. ഇതുവരെ ആലുവ താലൂക്കിൽ അങ്കമാലി വില്ലേജിലെ 25 ഹെക്ടർ ഭൂമി മാത്രമാണ് ഏറ്റെടുത്തത്. ഇടുക്കി, കോട്ടയം ജില്ലകളിൽ സ്ഥലം ഏറ്റെടുക്കൽ എങ്ങുമെത്തിയില്ല.
അതേസമയം സ്ഥലം ഏറ്റെടുക്കലിന്റെ ഭാഗമായി വീടും പുരയിടങ്ങളും നഷ്്ടപ്പെടുന്നവർക്ക് പദ്ധതി മുടങ്ങുന്നത് ആശ്വാസമാണ്. വിവിധ സ്ഥലങ്ങളിൽ വർഷങ്ങളായി സ്ഥലം ഏറ്റെടുക്കലിനെതിരേ പ്രതിഷേധം നടത്തുന്നവർ ഏറെ സന്തോഷത്തിലാണ്.