പത്തനാപുരം:ലക്ഷങ്ങള്‍ മുടക്കി കാനന മധ്യത്തില്‍ നിര്‍മ്മിച്ച ശബരി കുപ്പിവെള്ള പദ്ധതി ലക്ഷ്യത്തിലെത്താതെ നാശത്തിലേക്ക്. പിറവന്തൂരിൽ കടശേരിയില്‍ വനം വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള കുപ്പിവെളള പദ്ധതിക്കാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാന്‍ കടമ്പകളേറെ കടക്കാനുള്ളത്.വനംവകുപ്പിന്റെ സ്ഥലത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണമെന്ന നിയമം കൂടി വന്നതോടെ നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായ ശബരി കുപ്പിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ്.
സര്‍ക്കാര്‍ തലത്തില്‍ അടിയന്തിര നടപടികൾ എടുത്തില്ലെങ്കിൽ പദ്ധതിയുടെ ഭാഗമായ കെട്ടിട നിർമ്മാണത്തിനടക്കം മുടക്കിയ അറുപത് ലക്ഷം രൂപ വെള്ളത്തിലാവുമെന്ന് ആശങ്ക. പിറവന്തൂര്‍ പഞ്ചായത്തിലെ കടശ്ശേരിയില്‍ വനം വകുപ്പിന്റെ സ്ഥലത്താണ് ശബരി കുപ്പിവെള്ളപദ്ധതി ആരംഭിച്ചത്. വനം മന്ത്രിയായിരിക്കെ കെ ബി ഗണേഷ്കുമാറാണ് ഒരു കുപ്പി വെള്ളത്തിന് 10 രൂപ നിരക്കില്‍ ശുദ്ധമായ കുടിവെളളം ലഭ്യമാക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചത്.
ഒരു കോടി രൂപ വകയിരുത്തി 2012 ഒക്ടോബര്‍ 27 ന് തറക്കല്ലിട്ട പദ്ധതിയുടെ കെട്ടിട നിര്‍മാണവും അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഒന്നര വർഷത്തിനിടെ പൂര്‍ത്തിയായി. 60 ലക്ഷത്തോളം രൂപഇതിനായി വിനിയോഗിച്ചു.തുടർന്ന് യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതിനായി നടപടികള്‍ ആരംഭിക്കുന്നതിനിടെ ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം പോയതോടെ പദ്ധതിക്ക് താഴ് വീണു.
വൻകിട കുപ്പിവെള്ള ലോബിയുടെ പാരകൾ ഉണ്ടായെങ്കിലും ഗണേഷ് കുമാറിന്റെ ഇടപെടലിലാണ് ഒടുവിൽ കെട്ടിടം പണി പോലും പൂർത്തിയായത്.തുടർന്ന് വന്ന മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ഇപ്പോഴത്തെ മന്ത്രി കെ രാജുവും തുടർ നടപടികളെടുക്കാൻ തയ്യാറാവാതെ വന്നതോടെ പദ്ധതി മുടങ്ങിയ മട്ടാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് പണിപൂര്‍ത്തിയായ കെട്ടിടവും കുളങ്ങളും ഇപ്പോൾ കാടുമൂടിയ നിലയിലാണ് .
അടുത്തിടെ വന്ന കേന്ദ്ര വനം- പരിസ്ഥിതി നിയമാണ് ഇപ്പോൾ പദ്ധതിക്ക് തടസമാകുന്നത്. വനം വികസന കോർപ്പറേഷന് വ്യവസായ സംരഭങ്ങൾ തുടങ്ങുവാൻ സാധിക്കില്ലെന്നും ഇത് വനം വികസന കോർപ്പറേഷന്റെ ഉദ്ദേശങ്ങൾക്ക് വിരുദ്ധമാകുമെന്നുമാണ് പരിസ്ഥിതി മന്ത്രാലയവിലയിരുത്തൽ.ഇത് മറികടക്കുവാനും പദ്ധതി മുടങ്ങി പണം നഷ്ടമാകാതെ ഇരിക്കുന്നതിനും വന്യജീവി വകുപ്പിന് കൈമാറണമെന്ന ഉന്നതതല നിർദ്ദേശം ഉണ്ടായെങ്കിലും അതിനും വകുപ്പ് തുടർ നടപടികളെടുക്കാത്തത് വൻകിട കുപ്പിവെള്ള ലോബിയുടെ ഇടപെടലാണെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.
മൂന്ന് വർഷം മുൻപ് വനം മന്ത്രി രാജു സ്ഥലം സന്ദർശിച്ച് ഉടൻ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അന്ന് നടപടികളില്ലാതെ നീണ്ടു പോയതിനാലാണ് ഇപ്പോൾ കേന്ദ്ര നിയമം പാരയായത്. പദ്ധതിയിലും അനുബന്ധമായും നൂറ് കണക്കിന് പേർക്ക് ജോലി ലഭിക്കുന്ന പദ്ധതിയാണ് ഇപ്പോൾ ത്രിശങ്കുവിലായത്. രണ്ട്കുളങ്ങളും കെട്ടിട നിര്‍മാണവും പൂര്‍ത്തിയായ പദ്ധതിക്ക് മെഷീനറികള്‍ കൂടി ഇറക്കുമതി ചെയ്താല്‍ നല്ല ലാഭത്തില്‍ പ്രവര്‍ത്തിക്കാമെന്നിരിക്കെയാണ് തുടര്‍നടപടികളെടുക്കാതെ ഏഴ് വർഷത്തോളം നീണ്ട് പോയത്.
കുപ്പിവെളള വില്‍പ്പന കുത്തകയാക്കിയ ചില വന്‍കിട കമ്പനികളില്‍ നിന്നും പദ്ധതിക്ക് എതിര്‍പ്പുണ്ടായതിനാലാണ് തുടര്‍നടപടികള്‍ എടുക്കാത്തതെന്നാണ് ആക്ഷേപം.കുടിവെള്ള പദ്ധതി ആരംഭിച്ചാല്‍ പ്രദേശത്തെ നിരവധി പേര്‍ക്ക് ജോലി ലഭ്യമാകുമെന്നിരിക്കെ ശക്തമായ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകാത്തതും നിരവധി തവണ ശ്രദ്ധയിൽ പെട്ടിട്ടും വനം വകുപ്പ് മന്ത്രി കെ രാജു കാണിക്കുന്ന നിസംഗതയും പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.