തിരുവവനന്തപുരം : യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യാൻ രൂപമെടുത്ത ഗ്രൂപ്പിൽ വളരെ പ്രമുഖരായിട്ടുള്ള നേതാക്കളും വിശ്വസ്തരായ പ്രവർത്തകരും മാത്രമാണുള്ളത്.
ഈ ഗ്രൂപ്പിൽ നിന്നും ആര് – ആരുവഴി സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ട് മാധ്യമങ്ങളിൽ എത്തിച്ചുവെന്നുള്ളതാണ് യൂത്ത് കോൺഗ്രസ് നേതൃത്വത്തെ സംബന്ധിച്ച് ഇപ്പോഴത്തെ പ്രധാന ചോദ്യം.
യൂത്ത് കോൺഗ്രസിലെയും കോൺഗ്രസിലെയും ഗ്രൂപ്പ് പോരാണ് കെ.എസ്.ശബരിനാഥന്റെ പ്രതിഷേധ ആഹ്വാനം പുറത്തെത്തിക്കാൻ കാരണമായിട്ടുള്ളതെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.
ശബരിനാഥനെ പ്രതിസന്ധിയിലാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് യൂത്ത് കോൺഗ്രസിലെ ചിലർ ഈ സ്ക്രീൻ ഷോട്ട് പുറത്തുവിട്ടതെന്നാണ് പുറത്തു വരുന്ന വിവരം.
ശബരീനാഥനെ പോലീസ് ചോദ്യം ചെയ്യും
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനകത്ത് വച്ച് വധിക്കാൻ ഗുഢാലോചന നടത്തിയെന്ന കേസിൽ ജാമ്യം ലഭിച്ച യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ കെ.എസ്.ശബരീനാഥനെ ഇന്നും പോലീസ് ചോദ്യം ചെയ്യും.
അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ദിവസം പോലീസിന് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും മൊബൈൽ ഫോണ് പോലീസിന് കൈമാറണമെന്നായിരുന്നു കോടതി ജാമ്യ വ്യവസ്ഥയിൽ വ്യക്തമാക്കിയിരുന്നത്.
ശബരീനാഥൻ മൊബൈൽ ഫോണ് ഇന്നലെ തന്നെ പോലീസിന് കൈമാറിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥിരാജിന് മുൻപാകെ ഇന്നലെ രാവിലെ ഹാജരായപ്പോഴാണ് നാടകീയമായി ശബരിനാഥനെ പോലീസ് അറസ്റ്റ് ചെയ്തത്.
തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നും ശബരീനാഥൻ വ്യക്തമാക്കി. മുഖ്യമന്ത്രി ഭീരുവാണെന്നും അദ്ദേഹം ആരോപിച്ചു.