പത്തനംതിട്ട: രണ്ടു ജില്ലകളെ പൂര്‍ണമായി മുക്കിയ ശബരിഗിരി ജലസംഭരണികളുടെ മേല്‍ മണ്‍സൂണ്‍കാലത്ത് അതീവശ്രദ്ധ. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയതുള്പ്പെടെ 24 മണിക്കൂറും അണക്കെട്ടുകളിലെ ജലസംവിധാന വിവരങ്ങള്‍ ജില്ലാ കളക്ടറേറ്റില്‍ ലഭ്യമാക്കാന്‍ സംവിധാനമൊരുങ്ങി.2018ലെ മഹാപ്രളയം സമ്മാനിച്ച നടുക്കുന്ന ഓര്‍മകള്‍ മുന്‍നിര്‍ത്തിയാണ് ഇത്തവണ വര്ഷകാലത്തോടനുബന്ധിച്ച മുന്നൊരുക്കങ്ങള്‍ നടത്തിയത്. ഇതിന്റെ ഭാഗമായി പ്രഥവും പ്രധാനവുമായ പരിഗണന ജില്ലയിലെ അണക്കെട്ടുകള്‍ക്കാണ്.
ശബരിഗിരി പദ്ധതിയുടെ പമ്പ, കൊച്ചുപമ്പ, കക്കി, വേലുത്തോട്, കക്കാട് പദ്ധതിയിലെ മൂഴിയാര്‍ എന്നീ അഞ്ച് അണക്കെട്ടുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഗവി, കുള്ളാര്‍, മിനാര്‍ തുടങ്ങി മറ്റ് ചെറിയ അണക്കെട്ടുകള്‍ കവിഞ്ഞെത്തുന്ന വെള്ളം വലിയ സംഭരണികള്‍ താങ്ങും. ശബരിഗിരി പദ്ധതിയുടെ അണക്കെട്ടുകള്‍ എല്ലാംതന്നെ വനമേഖലയിലാണ്. ഗൂഡ്രിക്കല്‍ റേഞ്ചിലെ മൂഴിയാര്‍, ഗവി വനമേഖലയിലെ അണക്കെട്ടുകളില്‍ നിന്നു പുറംലോകത്തേക്കു വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിരളമാണ്.
മൊബൈല്‍ റേഞ്ച് പോലുമില്ലാത്ത പ്രദേശങ്ങളാണിവിടം. ഇത്തരമൊരു സാഹചര്യത്തില്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് നിരീക്ഷിച്ച് ബന്ധപ്പെട്ടവരെ അറിയിക്കാനും മുന്നറിയിപ്പുകള്‍ കൃത്യമായി നല്‍കുന്നതിലുമുണ്ടായ വീഴ്ചയാണ് മുന്‍കാലങ്ങളില്‍ ദുരിതമായി മാറിയത്. കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടുകളുടെ സംഭരണശേഷി തിരുവനന്തപുരത്ത് കണ്ട്രോള് റൂമിലേക്ക് അറിയിക്കുകയും അവിടെനിന്ന് ഡാം സുരക്ഷ അഥോറിറ്റി മുഖേന ജില്ലാ കളക്ടര്‍ക്ക് കൈമാറുകയുമാണ് ചെയ്തുവന്നിരുന്നത്.
തീരുമാനങ്ങള്‍ക്കായി പലപ്പോഴും ഏറെ കാത്തിരിപ്പ് വേണ്ടിവന്നു. കെഎസ്ഇബിയില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ കത്തുസഹിതരം ഡാം തുറന്നുവിടാനുള്ള അനുമതി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്കാന് തന്നെ മണിക്കൂറുകള്‍ വേണ്ടിവന്നിരുന്നു. 2018 ഓഗസ്റ്റില്‍ ഇത്തരത്തില്‍ മുന്നറിയിപ്പുകളും തീരുമാനങ്ങളും ജില്ലാകളക്ടറുടെ അനുമതിയും ലഭിച്ചെങ്കിലും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവോ ഇത് ഒഴുകിയെത്താന്‍ സാധ്യതയുള്ള മേഖലകളോ സംബന്ധിച്ച് കൃത്യമായ വിവരം നല്കാന് കഴിഞ്ഞിരുന്നില്ല.
2018 ഓഗസ്റ്റ് ഒമ്പതു മുതല്‍ കൊച്ചുപമ്പ, ആനത്തോട് സംഭരണികളുടെ ഷട്ടറുകള്‍ തുറന്നുവെങ്കിലും ഇടയ്ക്ക് താഴ്ത്തുകയും പിന്നീട് 13, 14 തീയതികളില്‍ കൂടുതല്‍ ഉയര്‍ത്തുകയും ചെയ്തു. ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്ന വിവരം കൃത്യമായി കളക്ടറേറ്റില്‍ പോലും ലഭ്യമായില്ല. 14നു രാത്രി മുഴുവന്‍ ഷട്ടറുകളും പൂര്‍ണതോതില്‍ ഉയര്ത്തിവയ്ക്കേണ്ട സാഹചര്യവുമുണ്ടായി. പമ്പാനദി കരകവിഞ്ഞ് കിലോമീറ്റുകള്ക്കപ്പുറത്തേക്ക് ജലനിരപ്പ് ഉയരാന്‍ പ്രധാന കാരണം ഇത്തരത്തില്‍ നടത്തിയ അശാസ്ത്രീയമായ ഷട്ടര്‍ തുറക്കലാണെന്ന ആക്ഷേപം നിലനില്ക്കുന്നു.
ഇത്തവണ ജലസംഭരണികള്‍ കേന്ദ്രീകരിച്ച് തുറന്നിട്ടുള്ള കണ്ട്രോള് സ്റ്റേഷനുകളില്‍ നിന്നും വിവരങ്ങള്‍ ജില്ലാ കളക്ടറേറ്റിലേക്ക് കൃത്യമായി ലഭ്യമാക്കും. അണക്കെട്ടുകളിലെ ജലനിരപ്പ്, ഒഴുകിയെത്തിയ വെള്ളത്തിന്റെ അളവ്, മഴയുടെ തോത്, ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യത്തില്‍ നല്‍കേണ്ട മുന്നറിയിപ്പുകള്‍ ഇവ സംബന്ധിച്ച വിവരങ്ങളും കണ്ട്രോള് സ്റ്റേഷനുകള്‍ മുഖേന കൈമാറും. കൊച്ചുപമ്പ, ആനത്തോട്, മൂഴിയാര്‍ സംഭരണികളിലാണ് കണ്ട്രോള് സ്റ്റേഷനുകള്‍.
വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ കഴിയുന്ന സംഭരണികള്‍ എന്ന നിലയിലാണ് ഇവയ്ക്ക് കണ്ട്രോള് സ്റ്റേഷനുകള്‍ തുറന്നത്. ഇവയുടെ ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമതയും പരിശോധിച്ചു. അണക്കെട്ട് സുരക്ഷാവിഭാഗം കക്കാട് ഡിവിഷന്റെ മേല്‍നോട്ടത്തിലാണ് കണ്ട്രോള് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം. കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനിയര്‍മാര്‍ക്കാണ് ചുമതല. അണക്കെട്ടിലെ ജലനിരപ്പ് കൂടുന്ന സാഹചര്യത്തില്‍ ഓരോദിവസത്തെയും വിവരങ്ങള്‍ കൈമാറുന്നതിനൊപ്പം തുറന്നുവിടേണ്ട സാഹചര്യത്തില്‍ നീല, ഓറഞ്ച്, ചുവപ്പ് അലര്‍ട്ടുകളും കൃത്യമായി കൈമാറും.