പി.ടി. പ്രദീഷ്
കണ്ണൂർ: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടു സുപ്രീംകോടതി വിധിക്കുപിന്നാലെയുണ്ടായ സംഭവങ്ങൾ പുതിയ രാഷ്ട്രീയ മാനത്തിലേക്ക്. സുപ്രീംകോടതി വിധി എന്തുവിലകൊടുത്തും നടപ്പാക്കാനുറച്ചു സിപിഎമ്മും സർക്കാറും ഒരുവശത്തും വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കണമെന്ന ആവശ്യവുമായി കോൺഗ്രസും ബിജെപിയും മറുവശത്തും ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണ്.
ആരോപണ-പ്രത്യാരോപണങ്ങളും വെല്ലുവിളികളുമായി ഇരുപക്ഷവും ഇടക്കിടെ രംഗം കൊഴുപ്പിക്കുന്നുമുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ടു തുടങ്ങിയ ചർച്ചകൾ പുതിയ അവകാശ തർക്കങ്ങളിലേക്കും എത്തിനിൽക്കേ രാഷ്ട്രീയനേട്ടത്തിനായുള്ള ഈ പോരാട്ടങ്ങൾ എവിടെ ചെന്നവസാനിക്കുമെന്ന് ആകാംക്ഷയോടെ നോക്കിനില്ക്കുകയാണു കേരളം.
സുപ്രീംകോടതി വിധിക്കെതിരേ കേരളത്തിലങ്ങോളം വിശ്വാസികൾ കൂട്ടമായി തെരുവിലിറങ്ങിയതോടെയാണു സംഭവത്തിലെ രാഷ്ട്രീയത്തെ കുറിച്ചു മുഖ്യധാരപാർട്ടികൾ ചിന്തിക്കാൻ തുടങ്ങിയത്. എൻഎസ്എസ് പിന്തുണയോടെ വിവിധ അയ്യപ്പഭക്തസംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സൂചകമായി നാമജപയാത്രകൾ തുടങ്ങിയത്. ഈ പ്രതിഷേധം പടർന്നതോടെ യുവതീപ്രവേശനത്തിന് അതുവരെ അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ബിജെപി സംസ്ഥാന നേതൃത്വം മലക്കംമറിഞ്ഞു.
നേരത്തേ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന നിലപാടിലായിരുന്നു ബിജെപി, ആർഎസ്എസ് ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ. യാതൊരു ആഹ്വാനവുമില്ലാതെ നാമജപയാത്രകളിലേക്ക് ഒഴുകിയെത്തിയ വിശ്വാസികളിൽ കണ്ണുവച്ചാണു ബിജെപി അടവുമാറ്റിയതെന്നു വ്യക്തം. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പു കേരളത്തിൽ അനുകൂലമായ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാനുള്ള വഴിയായും ബിജെപി നേതൃത്വം ശബരിമലവിഷയത്തെ കാണുന്നുണ്ട്.
സിപിഎം നേതൃത്വവും പിണറായി സർക്കാറും തുടക്കംമുതൽക്കേ സുപ്രീംകോടതി വിധിയ്ക്ക് അനുകൂലമായ നിലപാടിൽ തന്നെയായിരുന്നു. അതേസമയം വിധിക്കു പിന്നാലെ പുനഃപരിശോധനാ ഹർജി നല്കുമെന്നു പ്രഖ്യാപിച്ച ദേവസ്വം ബോർഡിനും അധികം വൈകാതെ തീരുമാനം മാറ്റേണ്ടി വന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് കടുപ്പിച്ചതോടെയാണു ദേവസ്വം ബോർഡ് നയം മാറ്റിയത്.
തുലാമാസ പൂജയ്ക്കായി ശബരിമല നടതുറന്നപ്പോൾ നിലയ്ക്കലിലും പന്പയിലും സംഘർഷമുണ്ടാവുകയും സന്നിധാനത്തുവരെ എത്തിച്ച ആക്ടിവിസ്റ്റുകളേയും മാധ്യമപ്രവർത്തകരേയും തടഞ്ഞ സംഭവവും ദേവസ്വം ബോർഡിനെ വിണ്ടും ആശയക്കുഴപ്പത്തിലാക്കി.
ആക്ടിവിസ്റ്റുകളേയും മറ്റും വൻ സുരക്ഷയൊരുക്കി സന്നിധാനത്ത് എത്തിച്ചതു പോലീസിനേയും സർക്കാറിനേയും പ്രതിക്കൂട്ടിലാക്കുകയും ചെയ്തു. പ്രശ്നങ്ങൾ തണുപ്പിക്കുന്നതിനായി എന്നും വിശ്വാസികൾക്കൊപ്പമാണെന്നും എന്തുവിട്ടുവീഴ്ചയ്ക്കും തയാറാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ വ്യക്തമാക്കി. എങ്കിലും ഈ പ്രസ്താവനയ്ക്ക് അധികം ആയുസുണ്ടായില്ല. ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനായി ദേവസ്വം ബോർഡ് യോഗം ചേരുന്നതിനു മുന്നേ പത്തനംതിട്ടയിൽ മുഖ്യമന്ത്രിയുടെ വിശദീകരണയോഗം നടന്നു.
യോഗത്തിൽ ദേവസ്വം ബോർഡിനോടു “വടികൊടുത്ത് അടി വാങ്ങരുത്’ എന്ന ഉപദേശവും വന്നു. ഇതോടെ ദേവസ്വം ബോർഡിന്റെ പുനഃപരിശോധനാ ഹർജിയും അടഞ്ഞ അധ്യായമായി. ഇതിനുശേഷം ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎമ്മും തമ്മിൽ അകൽച്ചയിലായെന്നും അദ്ദേഹം തൽസ്ഥാനം രാജിവച്ചേക്കുമെന്നും അഭ്യൂഹങ്ങളും ഉയർന്നിട്ടുണ്ട്.
ശബരിമല യുവതീ പ്രവേശന വിഷയത്തെ ഒരു നവോത്ഥാന വിഷയമായി ഉയർത്തിക്കാട്ടി പുരോഗമന ചിന്താഗതിക്കാരേയും പാർട്ടി അണികളേയും ഒപ്പം നിർത്താനാണു സിപിഎം നേതൃത്വത്തിന്റെ ശ്രമം. അതിനായി ജില്ലകൾ തോറും വിശദീകരണ യോഗങ്ങളും ഗൃഹസന്ദർശന പരിപാടികളും നടത്തുകയാണു സിപിഎം.
കോടതിവിധിക്കു പിന്നാലെ ചരിത്രവിധിയെന്ന അഭിപ്രായത്തോടെയാണു ദേശീയതലത്തില്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്തത്. കോടതിവിധി നടപ്പാക്കണമെന്ന രീതിയില്‍ ആദ്യം കേരളത്തിലും പ്രതികരണങ്ങള്‍ വന്നെങ്കിലും പിന്നീട് എതിര്‍പ്പുമായി കോണ്‍ഗ്രസ് സമരം ആരംഭിക്കുകയായിരുന്നു. വിശ്വാസികൾക്കൊപ്പം നിന്നില്ലെങ്കിൽ അതിന്റെ നേട്ടം ബിജെപിക്കാകുമെന്ന തിരിച്ചറിവിനെ തുടർന്നാണു കോൺഗ്രസ് രംഗത്തെത്തിയത്.
വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തിൽ നിലയ്ക്കലിൽ ഉപവാസസമരവുമായി ആദ്യം സജീവമായെങ്കിലും സംസ്ഥാന നേതൃത്വത്തിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നു പതുക്കെ കളത്തിൽ നിന്നുമാറി. എന്നിൽ കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിനു പിന്നാലെ കാൽനട-പ്രചാരണ വാഹനജാഥകളുമായി വീണ്ടും ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണെന്നു തെളിയിക്കാൻ ഇറങ്ങുകയാണു കോൺഗ്രസ്.
നിലവിൽ കേരളരാഷ്ട്രീയം മറ്റു വിവാദ വിഷയങ്ങളെല്ലാം മറന്നിരിക്കുന്നു. ശബരിമല യുവതീ പ്രവേശനത്തിനൊപ്പം തന്ത്രിമാരും മന്ത്രിമാരും തമ്മിലുള്ള വാക്പോരുകളിലും രാഷ്ട്രീയ ചർച്ചകൾ ഒതുങ്ങിയിരിക്കുന്നു. ശബരിമലയിലേക്ക് ഏറ്റവും കൂടുതൽ ഭക്തർ എത്തുന്ന മണ്ഡലകാലം ആരംഭിക്കാൻ ഇനി അധികം ദിവസങ്ങളില്ല.
പ്രളയത്തെ തുടർന്നു തകർന്നു തരിപ്പണമായ പന്പയും യുവതീ പ്രവേശനത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങളും വരുന്ന തീർഥാടനകാലത്തെ മുൾമുനയിലാക്കും. ഇതു തീർഥാടകരെ തീരാദുരിതത്തിലേക്കും നയിക്കും. മണ്ഡലകാലത്തു തീർഥാടകർക്കു സർക്കാർ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. ലക്ഷക്കണക്കിനു തീർഥാടകരെത്തുന്ന ശബരിമലയിൽ ഈ നിയന്ത്രണങ്ങൾ എത്രകണ്ട് പ്രാവർത്തികമാകുമെന്നു കണ്ടറിയേണ്ടതുണ്ട്.
യുവതീപ്രവേശന വിഷയത്തിൽ “മല കയറിയ’ രാഷ്ട്രീയപാർട്ടികളുടെ നിലപാടുകൾ ശബരിമലയെന്ന പുണ്യഭൂമിയെ അക്ഷരാർഥത്തിൽ കറുപ്പണിയിച്ചിരിക്കുകയാണ്. നവംബർ 13 ന് സുപ്രീംകോടതി പുനപരിശോധനാ ഹർജികൾ പരിശോധിക്കാനിരിക്കേ രാഷ്ട്രീയപാർട്ടികളുടെ മലയിറക്കത്തിനായും പ്രശ്നപരിഹാരത്തിനായും കാത്തിരിക്കുകയാണു കേരളം.