ശബരിമല: മകരവിളക്കിനു നടതുറന്ന് ആറു ദിവസം പിന്നിടുമ്പോള്‍ തിരക്ക് വര്‍ധിച്ചു. തിരക്കേറിയതോടെ അയ്യപ്പഭക്തര്‍ക്ക് വേഗത്തില്‍ ദര്‍ശനം സാധ്യമാക്കുന്നതിനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തി.നാല് മണിക്കൂര്‍ അധിക ദര്‍ശന സമയം അനുവദിച്ചതുവഴിയാണ് തീര്‍ഥാടകര്‍ക്ക് ഈ സൗകര്യം ലഭ്യമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല സന്ദര്‍ശനത്തിനിടെ നല്‍കിയ നിര്‍ദേശമനുസരിച്ചാണ് ദര്‍ശന സമയം കൂട്ടിയത്. മകര വിളക്കു കാലത്ത് സാധാരണഗതിയില്‍ അഞ്ചും ആറും മണിക്കൂര്‍ ക്യൂ നിന്നാണ് തീര്‍ഥാടകര്‍ക്ക് ദര്‍ശനം സാധ്യമാകുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശം ഭക്തര്‍ക്ക് ഗുണകരമായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മേല്‍ശാന്തിയും സാക്ഷ്യപ്പെടുത്തുന്നു. ദര്‍ശനവും മറ്റു ചടങ്ങുകളും കഴിഞ്ഞാലുടന്‍ മലയിറങ്ങണമെന്ന പോലീസ് നിര്‍ദേശവും ദര്‍ശന വേഗം വര്‍ധിപ്പിച്ചിട്ടുണ്ട്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സന്നിധാനത്ത് നെയ്യഭിഷേകം നടത്താന്‍ എത്തുന്ന ഭക്തരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണുള്ളത്. പുലര്‍ച്ചെ മൂന്നിന് നടതുറക്കുന്നതിനും മണിക്കൂറുകള്‍ക്കു മുമ്പ് ക്യൂവില്‍ സ്ഥാനം പിടിച്ചാണ് അയ്യപ്പന്മാര്‍ നെയ്യഭിഷേകം നടത്തുന്നത്. രാവിലെ 11ന് ശേഷം അയ്യപ്പദര്‍ശനത്തിനെത്തുന്നവരില്‍ അധികവും സന്നിധാനത്ത് തങ്ങുന്നതും നെയ്യഭിഷേകത്തിനായാണ്. ഇത്തവണ അഭിഷേകസമയവും ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
ഭക്തരുടെ എണ്ണത്തില്‍ ഇക്കുറി 10 ശതമാനം വര്‍ധനയുണ്ടായതായാണ് വിലയിരുത്തല്‍. വെര്‍ച്വല്‍ ക്യു ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ധന ഉണ്ടായതായി പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 16 ലക്ഷത്തിലേറെപ്പേരാണ് വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്തത്.
ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ട്രാക്ടര്‍ സര്‍വീസുകള്‍ക്കു പോലീസ് നിയന്ത്രണമേര്‍പ്പെടുത്തി. പകല്‍ 12 മുതല്‍ വൈകുന്നേരം നാലുവരെയും രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ മൂന്നു വരെയുമാണ് ഇനി മുതല്‍ ട്രാക്ടര്‍ സര്‍വീസ് അനുവദിക്കുക. അതേസമയം അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സാഹചര്യമനുസരിച്ചും സര്‍വീസ് അനുവദിക്കുമെന്ന് സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസര്‍ എസ്. സുരേന്ദ്രന്‍ അറിയിച്ചു .
തീര്‍ഥാടകരില്‍ നിന്നും വിരികള്‍ക്ക് കൂടുതല്‍ നിരക്ക് ഈടാക്കിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടുതലായി ഈടാക്കിയ തുക അയ്യപ്പന്മാര്‍ക്കു തിരിച്ച് നല്‍കി. കുറ്റക്കാരില്‍ നിന്ന് പിഴ ഈടാക്കിയതായും അദ്ദേഹം അറിയിച്ചു. മരക്കൂട്ടത്തു നിന്നും ചന്ദ്രാനന്ദന്‍ റോഡിലേക്ക് തീര്‍ഥാടകരെ അനുമതിയില്ലാതെ കടത്തിവിട്ട് പണം ഈടാക്കുന്ന ഡോളിക്കാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അഭൂതപൂര്‍വമായ തിരക്ക് പരിഗണിച്ച് ദര്‍ശനവും മറ്റു ചടങ്ങുകളും പൂര്‍ത്തിയാക്കിയാലുടന്‍ തീര്‍ഥാടകര്‍ സന്നിധാനത്ത് നിന്ന് മടങ്ങണമെന്നും പോലീസ് സ്‌പെഷല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.