ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ സാധുതകൾ പരിശോധിക്കാൻ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാൻ ഉത്തരവിട്ടത്.
ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നതിനു ഭരണഘടനാ സാധുതയുണ്ടോ, ക്ഷേത്ര പ്രവേശന ചട്ടങ്ങളിൽ ഇതിന് അനുവദിക്കുന്നുണ്ടോ, സ്ത്രീകൾക്കു വിലക്കേർപ്പെടുത്തുന്നത് ലിംഗ വിവേചനത്തിന്റെ പരിധിയിൽ വരുന്നുണ്ടോ, മൗലികാവകാശത്തിന്റെ ലംഘനമുണ്ടാകുന്നുണ്ടോ എന്നിങ്ങനെയുള്ള അഞ്ചു വിഷയങ്ങളാണ് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വരുന്നത്. കേസിൽ എന്നു വാദം കേൾക്കുമെന്നു കോടതി വ്യക്തമാക്കിയിട്ടില്ല.
ശബരിമല സന്നിധാനത്ത് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യംഗ് ലോയേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി പറയുക. കേസിൽ ദേവസ്വം ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും വിവിധ സംഘടനകളുടെയും ഭാഗം കോടതി പരിശോധിച്ചിരുന്നു.
പത്തിനും അന്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന നിലപാടാണ് ദേവസ്വം ബോർഡ് അറിയിച്ചിരിക്കുന്നത്. എന്നാൽ സ്ത്രീകൾക്കു പ്രവേശനം നൽകുന്നതിനെ അനുകൂലിച്ച് സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.