ശബരിമല: ശബരിമലയിലെ ആചാരങ്ങളില്‍ ഭൂരിഭാഗവും ശബരിമലയ്ക്കുവേണ്ടി മാത്രമുള്ളതാണെന്നും അവ മറ്റിടങ്ങളില്‍ അനുവര്‍ത്തിക്കുന്നത് അനുചിതമാണെന്നും തന്ത്രി കണ്ഠര് മഹേഷ് മോഹനര്. പടിപൂജ മറ്റു പല ക്ഷേത്രങ്ങളിലും നടത്താറുണ്ട്. അതുകൊണ്ട് ഫലമുണ്ടാകില്ല. പതിനെട്ടാംപടി ഇവിടെ മാത്രമുള്ളതാണ്. പടിപൂജയും അതുമായി ബന്ധപ്പെട്ട മന്ത്രങ്ങളുമെല്ലാം ഇവിടേയ്ക്ക് ഉള്ളവയാണ്. ഇതുപോലെ ശബരിമല ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന മന്ത്രങ്ങളില്‍ ഭൂരിഭാഗവും ഈ ക്ഷേത്രത്തിന് മാത്രമുള്ളവയാണ്.
അവ മറ്റൊരിടത്ത് ഉപയോഗിക്കുന്നത് വിഫലമാണ്. ആചാരപ്രകാരം അത് പാടില്ലാത്തതുമാണ്. അതിനാല്‍ അനാചാരങ്ങള്‍ പ്രോത്സാഹിക്കപ്പെടേണ്ടതല്ല. അനാചാരങ്ങളില്‍ പലതും ഭക്തിയുടെ വേറൊരു തലത്തിലെത്തി വിഭ്രാന്തിയില്‍ ചെയ്യുന്നവയാകാം. ഭക്തിയെ അങ്ങനെയായിരിക്കാം അവര്‍ പ്രകടിപ്പിക്കുന്നത്. ആചാരങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇതിനുകാരണം. വ്രതനിഷ്ഠയോടെ വരുന്നവര്‍ അങ്ങനെ ചെയ്യില്ല.
ഈശ്വരീയമായ അംശം അവരിലേയ്ക്ക് സാക്ഷാത്കരിക്കപ്പെടുന്നതിലൂടെ സമാധാനത്തോടുകൂടിയാണ് പലരും വരുന്നത്. അത്രയും നിഷ്ഠയോടെയാണ് 41 ദിവസം വ്രതമെടുക്കുന്നത്. മനുഷ്യന്റേതായ പല ദൗര്‍ബല്യങ്ങളെയും അവര്‍ വെടിയും. പല ആഗ്രഹങ്ങളും അനാവശ്യമോഹങ്ങളും അവരില്‍നിന്ന് മായും. സാധനകളും വ്രതങ്ങളും അനുഷ്ഠിച്ച് കഴിയുമ്പോള്‍ ആത്മീയതയുടേതായ വേറൊരു തലത്തിലേയ്ക്ക് അവരെത്തും.
ഇരുമുടിക്കെട്ടില്‍ എന്തൊക്കെ എന്നതിനേക്കുറിച്ച് വ്യക്തമായ ധാരണവേണം. ഉപയോഗിക്കാന്‍ പാടില്ലാത്തവ, മോശം ഗുണനിലവാരമുള്ളവ ഒരിക്കലും കെട്ടില്‍ നിറയ്ക്കരുത്. രാസവസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ പനിനീര് പാടേ ഉപേക്ഷിക്കണം. മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയൊരു പങ്കുവഹിക്കാനാകും. മാധ്യമ ഇടപെടലിലൂടെ കൂറേ കാര്യങ്ങളില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നും തന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒട്ടേറെ ഔഷധസസ്യങ്ങളെ സ്പര്‍ശിച്ചു കൊണ്ടാണ് പമ്പാനദി ഒഴുകുന്നത്. പുണ്യനദിയെന്ന് പറയുന്നതിന്റെ ശാസ്ത്രീയവശമാണിത്. പമ്പയെ മലിനമാക്കാതെ നാം സംരക്ഷിക്കണം. പ്ലാസ്റ്റിക്കും പഴയ വസ്ത്രങ്ങളും മറ്റ് പാഴ്വസ്തുക്കളും ഇടാതെ വളരെ ഭക്തിയോട് കൂടിതന്നെ പമ്പയെ കാത്തുസൂക്ഷിക്കമെന്നും തന്ത്രി പറഞ്ഞു.